Samskriti

വൈക്കത്തപ്പന് കോടി അര്‍ച്ചനയും വടക്കുപുറത്തു പാട്ടും

Published by

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ 2025 മാര്‍ച്ച് 17മുതല്‍ ഏപ്രില്‍ 13 വരെ 27 ദിവസങ്ങളിലായാണ് കോടി അര്‍ച്ചന നടക്കുക.ഏപ്രില്‍ മുതല്‍ 13 വരെ 12 ദിവസങ്ങളിലായാണ് വടക്കുപുറത്തു പാട്ട്. പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് വടക്കുപുറത്തു പാട്ട് നടത്തുന്നത് ക്ഷേത്രാങ്കണത്തിന്റെ വടക്കുവശത്ത് വലിയ നെടുമ്പുര കെട്ടി ചുറ്റിലും മറച്ച് അവിടെ നടത്തുന്ന കളമെഴുത്തും പാട്ടും എഴുന്നള്ളിപ്പുമാണ് ആഘോഷത്തിന്റെ പ്രധാന ചടങ്ങുകള്‍ കളമെഴുത്തും പാട്ടും നടത്താനുള്ള അവകാശം പുതുശേരി കുറുപ്പിന്റെ കുടുംബത്തിനാണ് വടക്കുംകൂര്‍ രാജാവ് കല്‍പിച്ചു കൊടുത്തിരിക്കുന്നത്. ഐതിഹ്യ പ്രകാരം വടക്കുപുറത്തു പാട്ട് തുടങ്ങുന്നതിനുള്ള കാരണം ഇപ്രകാരമാണ്.

ഒരിക്കല്‍ മസൂരി രോഗം ബാധിച്ച് വൈക്കം ദേശവാസികള്‍ ആകെ വിഷമത്തിലായി. നാള്‍ക്കുനാള്‍ രോഗവും തദ്വാര മരണങ്ങളും വര്‍ധിച്ചപ്പോള്‍ നാട്ടരചനായ വടക്കുംകൂര്‍ പ്രശ്‌നികനെ വരുത്തി പ്രതിവിധി ആരാഞ്ഞു ഭദ്രകാളി പ്രീതി മാത്രമാണ് ഇതിനു പ്രതിവിധി എന്നറിഞ്ഞ രാജാവ് ഉടന്‍തന്നെ കൊടുങ്ങല്ലൂരില്‍ പോയി 41 ദിവസം ഭഗവതിയെ ഭജിച്ചു തന്റെ ദേശത്തെ പകര്‍ച്ച വ്യാധിയില്‍ നിന്നും രക്ഷിക്കണമെന്നു പ്രാര്‍ഥിച്ചു. 41-ാം ദിവസം രാത്രി രാജാവിന് ദേവിയുടെ ദിവ്യദര്‍ശനം ഉണ്ടായി. ”എന്നെ ഉദ്ദേശിച്ച് ഇനിമുതല്‍ വൈക്കം ക്ഷേത്രത്തിന്റെ മതില്‍ക്കകത്ത് ഒരു വ്യാഴവട്ടം കൂടുമ്പോള്‍ പന്ത്രണ്ടു ദിവസത്തെ കളമെഴുത്തും പാട്ടും നടത്തിയാല്‍ ആപത്തു നീങ്ങും പോകുമ്പോള്‍ തലയ്‌ക്കലിരിക്കുന്ന ഉടവാള്‍ കൂടി വൈക്കത്തേക്കു കൊണ്ടുപോയി കളമെഴുത്തും പാട്ടും നടക്കുന്ന അവസരത്തില്‍ പ്രത്യേക പീഠത്തില്‍ വച്ച് എന്നെ ഉദ്ദേശിച്ച് പൂജിക്കുകയും വേണം.” എന്ന് ദര്‍ശനത്തിലൂടെ ദേവി അരുളിചെയ്തു. ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന രാജാവ് തലയ്‌ക്കല്‍ ഒരു വാള്‍ ഇരിക്കുന്നതു കണ്ട് ആശ്ചര്യപരതന്ത്രനായി പിറ്റേദിവസം ഭജനം മുഴുമിപ്പിക്കാന്‍ ക്ഷേത്രത്തിലെത്തിയ രാജാവിനോടു കലി തുള്ളി വന്ന വെളിച്ചപ്പാട് ‘ഇന്നലെ സ്വപ്‌നത്തില്‍ വന്നത് ഞാന്‍ തന്നെയാണെന്നും, ഞാന്‍ പറഞ്ഞതു പ്രകാരം ചെയ്താല്‍ ആപത്തും അനര്‍ഥവും നീങ്ങി മംഗളം ഭവിക്കും’ ‘എന്നും കല്‍പിച്ചു. തല്‍ക്ഷണം രാജാവ് ദേവിയെ തൊഴുത് സസന്തോഷം വൈക്കത്തു തിരിച്ചുവന്ന് അതിഗംഭീരമായി പന്ത്രണ്ടു ദിവസത്തെ കളമെഴുത്തും പാട്ടും നടത്തി അതോടെ മസൂരി ബാധ ദേശത്തു നിന്നും ഒഴിഞ്ഞു പോയി അന്ന് വടക്കുംകൂര്‍ രാജാവ് തുടങ്ങിയ പതിവ് ഇന്നും ക്ഷേത്രത്തില്‍ തുടര്‍ന്നു പോരുന്നു.

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ മുന്‍വശത്ത് വ്യാഘ്രപാദ മഹര്‍ഷിക്കു ശ്രീപരമേശ്വരന്‍ പാര്‍വതി സമേതനായി ദര്‍ശനം നല്‍കി അനുഗ്രഹിച്ചു എന്ന് വിശ്വസിക്കുന്ന ആല്‍ത്തറയ്‌ക്കു മുന്‍വശം പ്രത്യേകം തയാര്‍ ചെയ്ത മണ്ഡപത്തില്‍ വൈക്കം ക്ഷേത്രത്തിലെ തന്ത്രിമുഖ്യന്മാരുടെ മുഖ്യ കാര്‍മികത്വത്തില്‍ 50ല്‍പരം തന്ത്രി ശ്രേഷ്ഠന്മാര്‍ 27 നക്ഷത്രങ്ങളില്‍ 27 ദിവസമായാണ് കോടിയര്‍ച്ചന നടത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക