തിരുവനന്തപുരം: മല്ലു ഹിന്ദു ഐഎഎസ് വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിലും ഐഎഎസ് ചേരിപ്പോരിലും നടപടിയുമായി സര്‍ക്കാര്‍. മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണനയും ഐഎഎസ് പോരില്‍ കൃഷി വകുപ്പ് സെക്രട്ടറി എന്‍ പ്രശാന്തിനെയും സസ്‌പെന്റ് ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ അച്ചടക്ക നടപടി.
മല്ലു ഹിന്ദു വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് വിവാദമായപ്പോള്‍, തന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്നാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയ ഗോപാലകൃഷ്ണന്‍ മൊബൈലുകള്‍ ഫോര്‍മാറ്റ് ചെയ്ത് അന്വേഷണത്തിന് നല്‍കിയതോടെ ഹാക്കിംഗ് ഉണ്ടായോ എന്ന് കണ്ടെത്താനായില്ല. മെറ്റയുടേയും ഫോറന്‍സിക് ലാബിലെയും പരിശോധനയില്‍ ഹാക്കിംഗ് ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തിയത്.മുസ്ലീം ഐ എ എസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും സൃഷ്ടിച്ച് അതിന്റെ അഡ്മിനും ഗോപാലകൃഷ്ണനായിരുന്നു.തുടര്‍ന്ന് ഇതിലെ അനൗചിത്യം മുസ്ലീം ഗ്രൂപ്പിലെ ഒരു ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഗ്രൂപ്പുകള്‍ പിരിച്ചു വിട്ടു. പിന്നാലെയാണ് ഹാക്കിംഗ് ആരോപണം ഉണ്ടായത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ ചിത്തരോഗി എന്ന് വിളിച്ചാണ് കൃഷി വകുപ്പ് സെക്രട്ടറി എന്‍ പ്രശാന്ത് അധിക്ഷേപിച്ചത്.പരസ്യ അധിക്ഷേപത്തിലാണ് എന്‍ പ്രശാന്തിനെതിരായ നടപടി. ജയതിലക് ജൂനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥരുടെ കരിയര്‍ നശിപ്പിക്കുകയാണെന്നും ആരോപണം ഉന്നയിച്ചു.
ഫേസ്ബുക്ക് പോസ്റ്റുള്ളതിനാല്‍ വിശദീകരണം പോലും തേടാതെയാണ് എന്‍ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തത്. പ്രശാന്തിന്റെ വിമര്‍ശനം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരന്റെ വസ്തുതാ റിപ്പോര്‍ട്ട്. നടപടി ഉറപ്പായിട്ടും എന്‍ പ്രശാന്ത് ഇന്നും വിമര്‍ശനം തുടര്‍ന്നു. കള പറിക്കല്‍ തുടരുമെന്നും കളകളെ ഭയപ്പെടേണ്ടെന്നുമായിരുന്നു തിങ്കളാഴ്ചത്തെ പോസ്റ്റ്.
















