കൊച്ചി:സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമാപന ചടങ്ങിനിടെ പ്രതിഷേധം. സ്പോര്‍ട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതാണ് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും കാരണമായത്.
നാവാമുകുന്ദ, മാര്‍ ബേസില്‍ സ്കൂളുകളാണ് പ്രതിഷേധിച്ചത്.സ്പോര്‍ട്സ് സ്കൂളായ ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി.
സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തും തളളുമുണ്ടായി.പൊലീസ് മര്‍ദ്ദിച്ചെന്ന് പെണ്‍കുട്ടികളുള്‍പ്പെടെ പരാതിപ്പെട്ടു. സമാപന ചടങ്ങില്‍ വേദിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയത്.തുടര്‍ന്ന് മന്ത്രിയെ സ്ഥലത്ത് നിന്ന് മാറ്റി. പ്രതിഷേധത്തെ തുടര്‍ന്ന് സമാപന ചടങ്ങ് വേഗത്തില്‍ അവസാനിപ്പിച്ചു.
കഴിഞ്ഞ പ്രാവശ്യം വരെ സ്പോര്‍ട്സ് സ്കൂളിനെ വേറെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തവണ മുന്നറിയിപ്പില്ലാതെ ജി വി രാജയ്ക്ക് രണ്ടാം സ്ഥാനം നല്‍കുകയായിരുന്നു. കായിക പരിശീലനത്തിനുളള എല്ലാ സൗകര്യങ്ങളുമുളള സ്പോര്‍ട്സ് സ്കൂളിനെ പ്രത്യേകിച്ച് സൗകര്യങ്ങളൊന്നുമില്ലാത്ത സാധാരണ സ്കൂളുകള്ക്കൊപ്പം പരിഗണിക്കുന്നത് നീതിയല്ലെന്നത് പരിഗണിച്ചാണിങ്ങനെ ചെയ്തിരുന്നത്.
തങ്ങളെ വിളിച്ചപ്പോള്‍ വേദിയില്‍ കയറി വാങ്ങിച്ചതാണെന്നും അതു വരെ രണ്ടാം സ്ഥാനമുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ജി വി രാജ സ്കൂള്‍ അധികൃതര്‍ അറിയിച്ചു. പരാതിയുണ്ടെങ്കില്‍ ട്രോഫി തിരിച്ച് കൊടുക്കാമെന്നും അറിയിച്ചു.
സമാപന ചടങ്ങ് കഴിഞ്ഞും വേദിയില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: