ന്യൂദൽഹി : പഞ്ചാബിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ ഇതുവരെ അതിർത്തി കടന്നന്നെത്തിയ 200 ഡ്രോണുകൾ പിടിച്ചെടുത്തെന്ന് ബിഎസ്എഫ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് ഡ്രോണുകൾ കൂടി വീണ്ടെടുത്തതോടെയാണ് അതിർത്തിയിൽ 200 പാകിസ്ഥാൻ ആസ്ഥാനമായുള്ള ഡ്രോണുകൾ കണ്ടെടുത്തതെന്ന് സേന പ്രസ്താവനയിൽ അറിയിച്ചു.
2023ൽ പഞ്ചാബ് അതിർത്തിയിൽ 107 ഡ്രോണുകൾ സൈന്യം പിടിച്ചെടുത്തിരുന്നു. ഈ വർഷം ഏകദേശം ഇരട്ടിയിലധികം ഡ്രോണുകൾ പിടിച്ചെടുക്കാൻ സാധിച്ചത് ഒരു നാഴികക്കല്ലാണെന്ന് സേന പറഞ്ഞു.
ഇത് സേനയുടെ മെച്ചപ്പെടുത്തിയ ഡ്രോൺ വിരുദ്ധ തന്ത്രങ്ങളും അതിർത്തിയിൽ വിപുലമായ സാങ്കേതിക പ്രതിരോധ നടപടികളുടെ വിന്യാസത്തെയും പ്രതിഫലിപ്പിക്കുന്നു. സൈനികർ ഇതിനോടകം തന്നെ കൃത്യതയുള്ള ഡ്രോൺ വിരുദ്ധ അഭ്യാസങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും ബിഎസ്എഫ് വ്യക്തമാക്കി.
കൂടാതെ ഇന്ത്യൻ പ്രദേശത്തേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്താൻ ശ്രമിക്കുന്ന പാകിസ്ഥാൻ മയക്കുമരുന്ന് സംഘങ്ങൾക്ക് ഈ നടപടി കാര്യമായ തിരിച്ചടി നൽകിയെന്നും സേന പറഞ്ഞു.
ഇന്ത്യയിലെ യുവാക്കളെ മയക്കുമരുന്നിന് അടിമപ്പെടുത്താനും സാമൂഹിക ഐക്യം തകർക്കാനും പാകിസ്ഥാൻ സംഘങ്ങൾ മയക്കുമരുന്നും ആയുധങ്ങളും ഡ്രോൺ മുഖാന്തിരം രാജ്യത്തേക്ക് അയക്കുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിലാണ് ഈ തിരിച്ചടി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: