ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപാവലി പ്രൗഢഗംഭീരമായാണ് ആഘോഷിച്ചത് . 25 ലക്ഷം ദീപങ്ങളാണ് രാമജന്മഭൂമിയിൽ തെളിഞ്ഞത് . രാമായണകാലത്തെ ഓർമ്മിപ്പിക്കുന്ന സംഭവങ്ങളുടെ ലേസർ ഷോയും യുപി സർക്കാർ ഒരുക്കിയിരുന്നു. ഇപ്പോഴിതാ കാർത്തിക പൂർണിമ ഉത്സവമായ ദേവ് ദീപാവലി കാശിയിൽ മഹത്തായ രീതിയിൽ ആഘോഷിക്കാനാണ് യോഗി സർക്കാരിന്റെ തീരുമാനം .
ഇരുപത് ലക്ഷം ദീപങ്ങളാണ് ദേവ് ദീപാവലിയിൽ കാശിയിൽ തെളിയിക്കുക .12 ലക്ഷം വിളക്കുകൾ ജില്ലാ ഭരണനേതൃത്വവും ഏഴ് ലക്ഷം ദീപങ്ങൾ വിവിധ കമ്മിറ്റികളും ഒരു ലക്ഷം ദീപങ്ങൾ നഗരവാസികളും തെളിയിക്കും. ലക്ഷക്കണക്കിന് വിളക്കുകൾക്കൊപ്പം കാശി ക്ഷേത്രത്തിലെ ഗംഗാ ഗേറ്റിലും ചേത് സിംഗ് ഘട്ടിലും ലേസർ ഷോയും സംഘടിപ്പിക്കും
ദേവ് ദീപാവലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് എസ്.രാജലിംഗം പറഞ്ഞു. കാശിയിലെ എല്ലാ ഘാട്ടുകളിലും വിളക്കുകൾ തെളിയിക്കാനാണ് തീരുമാനം .
ദേവ് ദീപാവലിക്ക് മുന്നോടിയായി , ഗംഗയിലെ അസ്സി ഘട്ടിൽ നവംബർ 12 മുതൽ 14 വരെ ഗംഗാ മഹോത്സവം സംഘടിപ്പിക്കും. “ഏക് ദിയ കാശി കേ നാം” എന്ന പേരിൽ ദേവ് ദീപാവലി ദിനത്തിൽ വിനോദസഞ്ചാര വകുപ്പ് ക്യാമ്പയിനും നടത്തും . പൂർവ്വികരുടെ പേരിൽ ഗംഗയുടെ തീരത്തുള്ള ഘട്ടിൽ വിളക്കുകൾ തെളിയിക്കാൻ സൗകര്യമൊരുക്കുന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക