മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടിടത്ത് 11-ാം ദിവസം ദിവ്യയ്‌ക്ക് ജാമ്യം. 11 ദിവസത്തെ ജയില്‍വാസം അത്ര മോശമൊന്നുമായില്ല എന്ന തോന്നലുണ്ടാക്കിക്കാണും. 10-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അമ്മയാണെങ്കിലും ആളിപ്പോഴും ചില്ലറക്കാരിയല്ല. അവര്‍ക്കൊരുപാട് കാര്യം ഇനിയും പറയാനുണ്ടത്രെ. എല്ലാം പറയിക്കാന്‍ തന്നെയാണ് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും തയ്യാറെടുക്കുന്നത്.
പ്രോസിക്യൂഷന്‍ വേണ്ടവിധം വാദിക്കാത്തതാണ് അവര്‍ക്ക് ജാമ്യം കിട്ടാന്‍ കാരണമെന്ന അഭിപ്രായവും മഞ്ജുഷയ്‌ക്കുണ്ട്. ജാമ്യം കിട്ടിയപ്പോള്‍ ദിവ്യക്ക് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന സ്ഥാനങ്ങളില്‍ പലതും നഷ്ടപ്പെട്ടു എന്ന അവസ്ഥയുമായി. സമ്മേളനകാലത്ത് അച്ചടക്ക നടപടികള്‍ നീട്ടിവയ്‌ക്കുകയെന്ന കീഴ് വഴക്കമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ കാര്യത്തില്‍ സി.പി. എം. മാറ്റിയെഴുതിയത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ദിവ്യയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് 20 ദിവസമെടുത്തു ഇങ്ങനെയൊരു തീരുമാനത്തിന് എന്നതും ശ്രദ്ധേയമാണ്. കേസെടുത്തപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ദിവ്യയോട് സി.പി.എം ആവശ്യപ്പെടുകയായിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടും അവര്‍ രാജിസന്നദ്ധത പ്രകടിപ്പിക്കാതിരുന്നതും വിമര്‍ശനവിധേയമായിരുന്നു. വിഷയത്തില്‍ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ദിവ്യയുടെ ഭാഗത്തനിന്ന് ഉണ്ടായതെന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
പ്രസിഡന്റ് സ്ഥാനം രാജിവച്ചല്ലോയെന്നും പാര്‍ട്ടി നടപടി ആഭ്യന്തരകാര്യമാണെന്നുമായിരുന്നു ഇക്കാര്യത്തില്‍ നേരത്തേ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ കഴിഞ്ഞ് ഇപ്പോള്‍ നടക്കുന്ന ഏരിയാ സമ്മേളനങ്ങളില്‍ വിഷയം സജീവ ചര്‍ച്ചയായി ഉയരുകയാണ്. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പലയിടത്തും പ്രാദേശികനേതാക്കള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാകാത്ത സ്ഥിതിയും ഉണ്ടായി. വ്യക്തികേന്ദ്രിത വിഷയത്തില്‍ പാര്‍ട്ടി വലിച്ചിഴക്കപ്പെടുന്ന സ്ഥിതി വന്നതോടെയാണ് നേതൃത്വം ദിവ്യയ്‌ക്കെതിരെ തിരുത്തലിന്റെ വടിയെടുത്തിരിക്കുന്നത്
സി.പി.എമ്മിന്റെ തട്ടകത്തില്‍ ജനിച്ച് പാര്‍ട്ടിയുടെ സ്ഥാനങ്ങള്‍ ഓരോന്നായി ചവിട്ടിക്കയറിയാണ് ദിവ്യ ജില്ലാ കമ്മിറ്റിയംഗമായത്. എസ്എഫ്ഐയിലായിരുന്നു തുടക്കം. പെട്ടന്നായിരുന്നു സ്ഥാനങ്ങളോരോന്നും. പി.കെ. ശ്രീമതിക്കും പി. സതീദേവിക്കും കെ.കെ. ശൈലജയ്‌ക്കും പിന്നാലെ പാര്‍ട്ടി വളര്‍ത്തിക്കൊണ്ടുവന്ന വനിതാനേതാവായിരുന്നു അവര്‍. ജില്ലാ പഞ്ചായത്ത് അംഗമായും വൈസ് പ്രസിഡന്റായും പ്രസിഡന്റായും അവര്‍ കണ്ണൂരിന്റെ രാഷ്‌ട്രീയസാമൂഹിക മണ്ഡലത്തില്‍ കഴിഞ്ഞനാള്‍വരെ നിറഞ്ഞുനിന്നു. ഭാവി എം.എല്‍.എയും എം.പിയും മന്ത്രിയും ഒക്കെയായി അവരെ കണ്ടവരും ഉണ്ട്. ആ പടവുകളില്‍ നിന്നാണ് ഒരു നിമിഷത്തെ അനുചിതപ്രവൃത്തി അവരെ വീഴ്‌ത്തിയിരിക്കുന്നത്.
ഇടത് സഹയാത്രികനായിരുന്ന നവീന്‍ ബാബുവിനെ അറിയുന്നവരെല്ലാം ദിവ്യയുടെ ആരോപണം സംശയത്തിന്റെ കണ്ണിലൂടെയാണ് കണ്ടത്. അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിക്കയച്ചുവെന്ന രീതിയില്‍ ടി.വി. പ്രശാന്തന്‍ പുറത്തുവിട്ട പരാതിയും സംശയങ്ങള്‍ ഇരട്ടിപ്പിച്ചു. നവീന്‍ ബാബുവിനെ പിന്തുണച്ച് സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയും വകുപ്പുമന്ത്രിയും ഒറ്റക്കെട്ടായി നിന്നു. മികച്ചൊരു ഉദ്യോഗസ്ഥനെ സ്വന്തം നാട്ടിലേക്കുള്ള യാത്രയയപ്പ് വേളയില്‍ പരസ്യമായി വിമര്‍ശിച്ചതിനെതിരേ പൊതുസമൂഹത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു. അതോടെ തുടക്കത്തില്‍ ദിവ്യയ്‌ക്ക് പ്രതിരോധം തീര്‍ത്ത സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കും അവരെ കൈവിടുകയല്ലാതെ മാര്‍ഗമില്ലെന്നായി. ജില്ലാ സെക്രട്ടറി ജയരാജന്‍ ആദ്യം നല്‍കിയ പ്രതികരണം തിരുത്തിപ്പറഞ്ഞതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ജയിലില്‍ കൊതുകുവലയും ഭക്ഷണവുമെല്ലാം എത്തിച്ചെങ്കിലും അതുകൊണ്ടായില്ലല്ലോ. എത്രയായാലും ജയില്‍ ജയില്‍ തന്നെയല്ലെ. കേസില്‍ കഴിഞ്ഞ ചൊവ്വാഴ്ച തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് രണ്ടുമണിക്കൂറാണ് വാദം കേട്ടത്. എ.ഡി.എം. കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലായിരുന്നെന്നും വാദിച്ച പ്രതിഭാഗം, യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. അഡ്വ. കെ. വിശ്വനാണ് ദിവ്യയ്‌ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. ഉപാധികള്‍ അനുസരിക്കാന്‍ തയ്യാറാണ്. ആരോപണം നിലനില്‍ക്കുന്നതല്ല. കളക്ടറോട് എ.ഡി.എം. കുറ്റസമ്മതം നടത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ഉത്തരവില്‍ കോടതി പരാമര്‍ശമുണ്ടായിരുന്നില്ലെങ്കില്‍ കുറ്റസമ്മതം അറിയുമായിരുന്നില്ല. ദിവ്യ അന്വേഷണ സംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ തലേദിവസമാണ് അന്വേഷണസംഘം ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
ഒക്ടോബര്‍ അഞ്ചിന് കൊയ്യം സഹകരണ ബാങ്കില്‍ നിന്ന് പ്രശാന്തന്‍ ഒരുലക്ഷം രൂപ സ്വര്‍ണ വായ്പയെടുത്തു. നവീന്‍ ബാബു ഒക്ടോബര്‍ ആറിന് പ്രശാന്തനെ വിളിച്ചു. 11.10ന് 23 സെക്കന്റ് ഇരുവരും സംസാരിച്ചു. അപ്പോള്‍ പ്രശാന്തന്‍ ശ്രീകണ്ഠപുരം നിടുവാലൂരിലായിരുന്നു. 12.48ന് ഇരുവരും കണ്ണൂരില്‍ ഒരേ ടവറിനുകീഴിലെത്തി സംസാരിച്ചു. അന്ന് ഞായറാഴ്ചയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം ഹാജരാക്കി. നവീന്‍ ബാബു എന്തിനാണ് പ്രശാന്തനെ വിളിച്ചത്. പണം നല്‍കിയത് സംബന്ധിച്ച് പ്രശാന്തന്‍ പോലീസിനും വിജിലന്‍സിനും മൊഴി നല്‍കിയെന്നും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നവീന്‍ ബാബു കണ്ണൂരില്‍ എഡിഎം ആയി ജോലിയില്‍ പ്രവേശിച്ച ദിവസം അരമണിക്കൂര്‍ വൈകി എത്തിയതിനു കലക്ടര്‍ മെമ്മോ നല്‍കിയിരുന്നുവെന്നും ജീവനക്കാര്‍ റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീതയെ അറിയിച്ചിരുന്നു. അന്നു മുതല്‍ ഇരുവരും അകല്‍ച്ചയിലായിരുന്നു. അവധി നല്‍കുന്നതില്‍ കലക്ടര്‍ സ്വീകരിച്ചിരുന്ന സമീപനവും നവീന്‍ ബാബുവിന് മാനസികവിഷമം ഉണ്ടാക്കുന്ന തരത്തിലായിരുന്നു. ഞായറാഴ്ച പോലും ഡ്യൂട്ടിക്ക് കയറാന്‍ നിര്‍ദേശിച്ചിരുന്നു. കലക്ടറുമായി സംസാരിക്കാന്‍ പോലും നവീന് താല്പര്യമുണ്ടായിരുന്നില്ലെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്. യാത്രയയപ്പ് യോഗത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ നവീന്‍ തന്നെ വന്നു കണ്ട് തനിക്കു തെറ്റു പറ്റിയെന്ന് പറഞ്ഞുവെന്ന കളക്ടറുടെ വാദങ്ങളെ തള്ളുന്നതാണ് ജീവനക്കാര്‍ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ നല്‍കിയിരിക്കുന്ന മൊഴി.
കളക്ടറുമായി യാതൊരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞിരുന്നു. കളക്ടര്‍ പറയുന്നതു നുണയാണെന്നും മഞ്ജുഷ വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്‌ക്കുന്ന തരത്തിലാണ് ജീവനക്കാരും ഇവരുടെ ബന്ധത്തെക്കുറിച്ച് മൊഴി നല്‍കിയിരിക്കുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് താന്‍ എത്തിയത് കളക്ടറുടെ ക്ഷണപ്രകാരമാണെന്നാണ് പി.പി.ദിവ്യ ആവര്‍ത്തിക്കുന്നത്. എന്നാല്‍ കലക്ടര്‍ ഇതു നിഷേധിച്ചിരുന്നു. ഏതായാലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇനി എന്ത് എന്ന ചോദ്യം പ്രസക്തമാണ്. ജില്ല വിട്ടുപോകാതെ തന്നെ കളികള്‍ കെങ്കേമമാക്കാന്‍ പ്രാപ്തയാണ് ദിവ്യ. സാക്ഷികളെ കൂറുമാറ്റുമോ കാലുമാറ്റുമോ കണ്ടുതന്നെ അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: