ലൂസെയ്ന്‍: ഹോക്കി ഇതിഹാസം ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷ് ഇക്കൊല്ലത്തെ ഏറ്റവും മികച്ച ഹോക്കി ഗോള്‍ കീപ്പര്‍ക്കുള്ള എഫ്‌ഐഎച്ച് ബെസ്റ്റ് ഗോള്‍ കീപ്പര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. എറ്റവും മികച്ച താരത്തിനുള്ള എഫ്‌ഐഎച്ച് ബെസ്റ്റ് പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയി ഭാരത നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങ് ആണ് അര്‍ഹത നേടിയത്.
പാരീസ് ഒളിംപിക്‌സിലൂടെ തുടര്‍ച്ചയായി രണ്ടാം തവണയും വെങ്കല മെഡല്‍ നിലനിര്‍ത്തുന്നതില്‍ ഇരുവരും വഹിച്ച നിര്‍ണായക പങ്ക് പുരസ്‌കാര നിര്‍ണയത്തില്‍ പ്രധാന ഘടകമായി. ഒപ്പം ഇക്കൊല്ലം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്തിയതും ഗുണം ചെയ്തു. ഇരുതാരങ്ങളും കരിയറില്‍ മൂന്നാം തവണയാണ് ഈ പുരസ്‌കാരത്തിന് അര്‍ഹരാകുന്നത്.
പാരിസ് ഒളിംപിക്‌സില്‍ ഭാരതം രണ്ടാം തവണയും വെങ്കലം നേടുന്നതിന് ശ്രീജേഷിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നപ്പോള്‍ 4-2 ജയം നേടിയത് ശ്രീജേഷിന്റെ അത്യുഗ്രന്‍ സേവുകളിലൂടെയാണ്. ടൂര്‍ണമെന്റില്‍ ഉടനീളം 62 ഷോട്ടുകള്‍ നേരിട്ട ശ്രീജേഷ് 50 എണ്ണം സേവ് ചെയ്തു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരതത്തിന് ഹോക്കിയില്‍ നിന്നും തുടര്‍ച്ചയായി മെഡല്‍ സമ്മാനിച്ച പ്രകടനത്തോടെ ശ്രീജേഷ് കരിയറില്‍ നിന്നും വിരമിക്കുകയും ചെയ്തു.
ഒൡപിക്‌സില്‍ ഭാരതത്തിന്റെ പ്രകടനം സെമിയില്‍ അവസാനിച്ചെങ്കിലും ടൂര്‍ണമെന്റില്‍ പത്ത് ഗോളുകള്‍ നേടി ടോപ് സ്‌കോററായ ഭാരത നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ മികവ് ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് നിര്‍ണയത്തില്‍ വലിയ സ്വാധീനം ചെലുത്തി. വോട്ടെടുപ്പില്‍ 63.84 ശതമാനം വോട്ടുകള്‍ നേടിയാണ് ഹര്‍മന്‍പ്രീത് ബെസ്റ്റ് പ്ലേയര്‍ ആയത്. ബെസ്റ്റ് ഗോള്‍ കീപ്പര്‍ ഓഫ് ദി ഇയര്‍ ആയ ശ്രീജേഷിന് 62.22 ശതമാനം വോട്ടും ലഭിച്ചു. രണ്ടാമതുള്ള ഡച്ച് ഗോള്‍ കീപ്പര്‍ക്ക് 22.17 ശതമാനം വോട്ടുകളാണ് ലഭിച്ചത്. വിദഗ്ധ പാനല്‍, ദേശീയ ടീം നായകന്‍മര്‍, പരിശീലകര്‍, ആരാധകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നത്.
ബെസ്റ്റ് വുമന്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയി നെതര്‍ലന്‍ഡ്‌സിന്റെ യിബ്ബി ജാന്‍സെന്‍ തെരഞ്ഞെടുക്കപ്പെട്ടു. ചൈനയുടെ യെ ജിയാവോ ആണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. പാകിസ്ഥാന്റെ സുഫ്യാന്‍ ഖാന്‍ പുരുഷ ഹോക്കിയിലെ റൈസിങ് സ്റ്റാര്‍ ഓഫ് ദി ഇയര്‍ ആയി. അര്‍ജന്റീനയുടെ സൂ ഡിയാസ് ആണ് ഈ വിഭാഗത്തിലെ വനിതാ പുരസ്‌കാര ജേതാവ്. വനിതാ കോച്ചായി അലിസന്‍ അന്നാന്‍(ചൈനീസ് പരിശീലക), പുരുഷ കോച്ചായി ജെറോന്‍ ഡെല്‍മീ(നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: