വയനാട്: ഭാരതം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ് വഖഫ് ബോർഡിന്റെ അധിനിവേശം. എന്നാൽ പാവപ്പെട്ടവരുടെ ഭൂമി അനധികൃതമായി കയ്യേറുന്ന വഖഫ് ബോർഡിന്റെ മുന പ്രധാനമന്ത്രി നയിക്കുന്ന കേന്ദ്ര സർക്കാർ ഊരിയിരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഭാരതത്തിന്റെ ഭരണസംവിധാനം നിലനിൽക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ പ്രചാരണ സദസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പ്രചാരണം നടത്തി പോകുന്ന നേതാക്കളെയല്ല വയനാടിനാവശ്യം. വയനാടിന്റെ പ്രശ്‌നങ്ങൾ മനസിലാക്കുന്ന നേതാവിനെയാണ് ജനങ്ങൾക്കാവശ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്‌ട്രീയത്തിനതീതമായി രാജ്യത്തിനായി ഓരോ സമ്മതിദായകരും വോട്ട് രേഖപ്പെടുത്തണം. നിങ്ങളുടെ ഓരോ വോട്ടും പാഴാവരുത്.
വയനാടുകാർക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നൽകാനുള്ള അവസരമാണ്. ശിക്ഷാ നടപടികൾ വയനാട്ടുകാർ സ്വീകരിക്കണം. ഇവിടെ നിന്ന് പോയ ആൾ പാർലമെന്റിൽ പുലമ്പുകയാണ്. ഇന്നലെയും അമിത് ഷായുടെ ഓഫീസിൽ നിന്ന് തനിക്ക് ഒരു വീഡിയോ അയച്ചു തന്നു. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജ്യത്തിന് ഒരു വോട്ട് എന്ന നിലയിൽ തൃശൂരിൽ ജനങ്ങൾ തീരുമാനിച്ചതു കൊണ്ടാണ് താൻ ജയിച്ചത്. അല്ലാതെ ചെമ്പും കോലും കലക്കുമൊന്നുമല്ല. അങ്ങനെയായിരുന്നെങ്കിൽ ട്രംപ് ഏതൊക്കെ പൂരം കലക്കിയാണ് ജയിച്ചതെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി ചോദിച്ചു. ഇന്ത്യയിലെ പ്രതിപക്ഷം അത് കണ്ടെത്തട്ടേ. അവിടെയും പോയി കേരള പോലീസ് കേസ് എടുക്കട്ടെ.
ജയിച്ചാൽ നവ്യയെ കേന്ദ്ര മന്ത്രിയാക്കാൻ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: