കിളിമാനൂര്‍: ലോക്കല്‍ സമ്മേളനങ്ങള്‍ കഴിഞ്ഞ് ഏര്യ സമ്മേളനത്തിലേക്ക് കടക്കുമ്പോള്‍ കിളിമാനൂരില്‍ സിപിഎം പൊട്ടിത്തെറിയുടെ വക്കില്‍. സഹകരണ ബാങ്ക് തട്ടിപ്പ്, പാറമടകളില്‍ നിന്നും നേതാക്കളുടെ കൈക്കൂലി വാങ്ങല്‍, പാര്‍ട്ടി വിവരങ്ങള്‍ ചേരിതിരിഞ്ഞ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കല്‍, നേതാക്കളുടെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നേതാക്കള്‍ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ എന്നിവ കൊണ്ട് ഇക്കുറി സിപിഎം കിളിമാനൂര്‍ ഏര്യ സമ്മേളനം സംഘര്‍ഷഭരിതമാകുമെന്ന അവസ്ഥയാണ്.
ഈ മാസം 22 മുതല്‍ 25 വരെ നവായിക്കുളത്താണ് സിപിഎം കിളിമാനൂര്‍ ഏര്യ സമ്മേളനം നടക്കുന്നത്. കിളിമാനൂര്‍ ഏര്യയുടെ കീഴിലെ കിളിമാനൂര്‍, പള്ളിക്കല്‍ ലോക്കല്‍ സമ്മേളനങ്ങള്‍ ഒഴികെ ബാക്കി 11 സമ്മേളനങ്ങള്‍ ഇതിനോടകം കഴിഞ്ഞു. ഇന്നും അടുത്ത ദിവസങ്ങളിലുമായി കിളിമാനൂരും പള്ളിക്കലും ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കും. വിഭാഗീയത മൂലം കരവാരത്ത് ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിക്ക് കണ്ടെത്താനായില്ല. നഗരൂരില്‍ സമവായം നടന്നില്ല. വോട്ടെടുപ്പിലൂടെയാണ് സെക്രട്ടറിയെ കണ്ടെത്തിയത്. പഴയകുന്നുമ്മേലില്‍ ഭാരവാഹികളെ ഒരുവിധം ഒപ്പിച്ചെടുക്കുകയായിരുന്നു.
വിവിധങ്ങളായ നിരവധി വിഷയങ്ങളില്‍ പാര്‍ട്ടി ആഭ്യന്തര കലാപത്തിലാണ്. പരാതി നല്‍കിയാല്‍ അന്വേഷണം നടക്കുമെങ്കിലും നടപടിയുണ്ടാകില്ലെന്ന ആരോപണം ശക്തമാണ്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന അവസ്ഥയാണ്. കിളിമാനൂരിലെ ആദ്യകാല സിപിഎം നേതാവിന്റെ വീട്ടില്‍ അതിക്രമം കാണിച്ച വനിതാ നേതാവിനെതിരെ വ്യാപകമായ പ്രതിഷേധം ബ്രാഞ്ച് സമ്മേളനങ്ങളിലും ലോക്കല്‍ സമ്മേളനങ്ങളിലും ഉണ്ടായിട്ടും അവരെ വീണ്ടും ഏര്യ കമ്മിറ്റിയില്‍ കൊണ്ടുവരാന്‍ ഒരു ജില്ലാ നേതാവ് കളിക്കുന്ന തന്ത്രങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയുടെ ആക്കം കൂട്ടുകയാണ്. ഈ വനിതാ നേതാവിനെ ലോക്കല്‍ കമ്മിറ്റിയിലും ഏര്യ സമ്മേളന പ്രതിനിധിയായും അവരോധിച്ചിട്ടുണ്ട്.
പാര്‍ട്ടി ഭരണം കയ്യാളുന്ന വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് നേതാക്കള്‍ നടത്തുന്ന തിരിമറികളും തട്ടിപ്പുകളും നേതാക്കളുടെ മക്കള്‍ക്കും സ്വന്തക്കാര്‍ക്കും ജോലി തരപ്പെടുത്തലുകളും പരാതി രൂപത്തില്‍ അടുത്ത ദിവസങ്ങളില്‍ പുറത്തു വന്ന ഏര്യ സെക്രട്ടറിയുമായി ബന്ധപ്പെട്ട സാമ്പത്തികവിഷയങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ വിഷയം സമ്മേളന കാലത്ത് കുത്തിപ്പൊക്കിയ ഏര്യ കമ്മിറ്റി അംഗത്തെക്കുറിച്ചുള്ള ആരോപണങ്ങളും ഏര്യ സെക്രട്ടറിയാവാനുള്ള ഇദ്ദേഹത്തിന്റെ കുതന്ത്രങ്ങളും പാറമടകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്‌ത്തുകയും ഡിവൈഎഫ്‌ഐ നേതാവിന് സഹകരണ ബാങ്കില്‍ ജോലി നല്‍കാതെ ജില്ലാ നേതാവിന്റെ മകന്‍ കൈക്കലാക്കിയതുമടക്കം വിവിധ പ്രശ്‌നങ്ങളില്‍ ഉത്തരം മുട്ടുകയാണ് കിളിമാനൂരില്‍ പാര്‍ട്ടി. ഇതാണ് സമ്മേളനത്തില്‍ പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്ക് നയിക്കുക. നേതാക്കളുടെ വഴിവിട്ട ഇടപെടലുകള്‍ക്കെതിരെ ഏര്യ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമുയരും. ഒരുപക്ഷേ നിലവിലെ സാഹചര്യത്തില്‍ ഏര്യ സമ്മേളനം അടിച്ചുപിരിഞ്ഞാലും അത്ഭുതപ്പെടാനില്ല. അത്രമാത്രം ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഉഴലുകയാണ് കിളിമാനൂരില്‍ സിപിഎം പാര്‍ട്ടി നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക