ന്യൂദൽഹി : ദേവ് ദീപാവലിക്ക് മുന്നോടിയായി യമുനാ നദിയുടെ തീരത്തുള്ള വാസുദേവ് ഘട്ടിൽ 3.5 ലക്ഷം മൺവിളക്കുകൾ തെളിയിക്കുമെന്ന് സംഘാടകർ അറിയിച്ചു. ദേവ് ദീപാവലിക്ക് പുറമെ ഗുരു പുരബ്, ഗോത്രവർഗ നേതാവ് ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം എന്നീ ആഘോഷങ്ങളും കണക്കിലെടുത്താണ് ഇത്രയും ദീപങ്ങൾ കത്തിക്കുന്നതെന്നും സംഘാടക സമിതി അറിയിച്ചു.
ദൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി. കെ സക്‌സേന അടുത്ത ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും ഈ അവസരത്തിൽ യമുനാ ആരതി നടത്തുമെന്നും സംഘാടകർ പറഞ്ഞു. അതേ സമയം ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവരാണ് 3.5 ലക്ഷത്തിലധികം ദീപങ്ങൾ ഘട്ടിൽ തെളിയിക്കുന്നത്.
ദീപങ്ങൾക്ക് പുറമെ ആകർഷകമായ ഡ്രോൺ ലേസർ ഷോ എന്നിവയും ചടങ്ങിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ വാസുദേവ് ഘട്ടിലെ ബരാദാരിയിൽ രാം ദർബാർ സ്ഥാപിക്കുമെന്നും സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം ആത്മീയതയും പാരിസ്ഥിതിക സുസ്ഥിരതയും തമ്മിലുള്ള സംഗമം അടയാളപ്പെടുത്തുന്നതായിരിക്കും ഇത്തവണത്തെ ദൽഹി ദീപോത്സവമെന്നും സംഘാടകർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അടുത്തിടെ മാർച്ചിലാണ് വാസുദേവ് ഘട്ട് പുനർവികസിപ്പിച്ചത്. കശ്മീരി ഗേറ്റിനു സമീപമുള്ള ഐഎസ്‌ബിടിക്ക് സമീപമാണ് വാസുദേവ് ഘട്ട സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: