തളിപ്പറമ്പ് (കണ്ണൂര്‍): മുനമ്പത്തിനു പിന്നാലെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് വഖഫ് വിഷയവും ചര്‍ച്ചയാകുന്നു. കണ്ണൂര്‍ ജില്ലയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ തളിപ്പറമ്പ് ടൗണിന്റെ ഹൃദയത്തിലെ 600 ഏക്കറോളം ഭൂമി തങ്ങളുടേതാണെന്നാണ് ജമാഅത്ത് പള്ളിയുടെ അവകാശവാദം. നിരവധി പേര്‍ക്കാണ് കുടിയൊഴിപ്പിക്കലിന്റെ ആദ്യപടിയായി നോട്ടീസ് ലഭിച്ചത്.
മുക്കാല്‍ നൂറ്റാണ്ടു മുമ്പ് നരിക്കോട് ഇല്ലത്തെ നമ്പൂതിരി ജമാഅത്ത് പള്ളിക്ക് വഖഫ് ചെയ്ത ഭൂമിയാണ് ഇതെന്നാണ് ബോര്‍ഡിന്റെ അവകാശവാദം. ഇതിനെ ഭൂവുടമകള്‍ എതിര്‍ക്കുന്നുണ്ട്. തങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് വില കൊടുത്തു വാങ്ങിയതാണ് സ്ഥലമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു തെളിവായി ആധാരവും കൈവശ രേഖയും നികുതിയടച്ച രസീതും പട്ടയവും ഇവര്‍ ഹിയറിങ്ങില്‍ ഹാജരാക്കും. നോട്ടീസ് ലഭിച്ചവര്‍ അഭിഭാഷകര്‍ മുഖേന മറുപടി നല്കിക്കഴിഞ്ഞു. ഇവരെ കണ്ണൂരും എറണാകുളത്തും നടക്കുന്ന ഹിയറിങ്ങിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അതേ സമയം പള്ളിയുടെ കൈവശം കോടതി മുഖേന ലഭിച്ച സെറ്റില്‍മെന്റ് ആധാരമാണുള്ളത്. പള്ളിയും ഇല്ലവും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരമായി 167 ഏക്കര്‍ ഭൂമിയില്‍ 60 ഏക്കര്‍ ഭൂമി ഇല്ലത്തിനും ബാക്കി പള്ളിക്കും നല്കി കോടതി മുഖേന ഉണ്ടാക്കിയ സെറ്റില്‍മെന്റ് ആധാരമാണിത്. എന്നാല്‍ ഈ ആധാരം രേഖയാക്കി പള്ളി തന്നെ ലേലം ചെയ്തും വിലയ്‌ക്കും ഭൂമി വിറ്റിട്ടുണ്ട്. ഭൂവുടമകളില്‍ ഭൂരിഭാഗവും മുസ്ലിങ്ങള്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: