കൊച്ചി: ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ കെ.എസ്. അമല്‍ചിത്രയെ കാത്തിരുന്നത് സ്കൂള്‍ അധികൃതര്‍ ഒരുക്കിയ പിറന്നാല്‍ കേക്കിന്റെ മധുരമായിരുന്നു. മലപ്പുറം കടകാശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അമല്‍ചിത്ര.
കുട്ടിയുടെ പതിനഞ്ചാം പിറന്നാള്‍ വിവരം അറിഞ്ഞ സ്കൂള്‍ മാനേജുമെന്റ് അധ്യാപകര്‍ക്ക് നിര്‍ദേശം നല്കി കേക്ക് എത്തിക്കുകയായിരുന്നു. 2.90 മീറ്റര്‍ ഉയരം താണ്ടിയ അമലിനെ കാത്ത് പരിശീലകനും അച്ഛനുമാണ് കേക്കുമായി എത്തിയത്. പിന്നാലെ കേക്ക് മുറിച്ച് എല്ലാവര്ക്കും മധുരം നല്കി സന്തോഷം പങ്കുവച്ചു. ഇത്തരമൊരു ആഘോഷം പ്രതീക്ഷിച്ചില്ലെന്നും ഏറെ സന്തോഷമെന്നും അമല്‍ പ്രതികരിച്ചു.
6-ാം ക്ലാസ് വരെ 100 മീറ്റര്‍ ഓട്ടത്തിലായിരുന്നു അമല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഈ സമയത്താണ് അന്നത്തെ പരിശീലകനായിരുന്ന ആലപ്പുഴ സ്വദേശി സാംജി കുട്ടിയുടെ കഴിവ് തിരിച്ചറിയുന്നതും പോള്‍വാള്‍ട്ടിലേക്ക് വഴിതിരിച്ചുവിടുന്നതും. പിന്നീട് കഴിഞ്ഞവര്‍ഷമാണ് ഐഡിയലില്‍ എത്തുന്നത്. ഇവിടെ ചേര്‍ത്തല സ്വദേശി കെ.പി. അഖിലിന്റെ കീഴിലാണ് പരിശീലനം. സാംജിയുടെ സുഹൃത്തായ അഖില്‍ അമലിനെ കുറിച്ച് അറിയുകയും കോതമംഗലത്ത് പഠിച്ചിരുന്ന കുട്ടിയെ ഐഡിയലില്‍ എത്തിക്കുകയുമായിരുന്നു. ഇവിടെ എത്തി ഒരുവര്‍ഷംകൊണ്ട് തന്നെ തന്റെ കഴിവ് പുറത്തെടുക്കുകയും ചെയ്തു. കഴിഞ്ഞ സ്കൂള്‍ കായികമേളയില്‍ അഞ്ചാമതായിരുന്നു അമല്‍, അടുത്തവര്‍ഷം റിക്കാര്‍ഡ് നേട്ടം കൈവരിക്കുമെന്നും അഖില്‍ പറഞ്ഞു.
തൃശൂര്‍ താണിക്കുടം കൂത്തുപറമ്പില്‍ ആംബുലന്‍സ് ഡ്രൈവറായ കെ.പി. സുധീഷിന്റെയും വിജിതയുടെയും മകളാണ് അമല്‍. അമിഷ ചന്ദ് കെ.എസ്, അസ്നിഗ മിത്ത് കെ.എസ്. എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: