അബുദാബി; 1974 ലുലു എന്ന പേരില്‍ ആരംഭിച്ച ബൃഹദ് റീട്ടെയ്ല്‍ സ്റ്റോറുകളുടെ ബിസിനസിനെ മറ്റൊരു പടവിലേക്ക് ഉയര്‍ത്തി യൂസഫലി. ലുലു റീട്ടെയ് ലിന്റെ പ്രാഥമിക ഓഹരി വില്പനയിലൂടെ യുഎഇ ഓഹരി വിപണിയില്‍ നിന്നും ഏകദേശം 150000 കോടി രൂപ(172 കോടി ഡോളര്‍) സമാഹരിച്ചു. 3 ലക്ഷം കോടി രൂപയുടെ ഡിമാന്‍റ് ഉപഭോക്താക്കളില്‍ നിന്നും ഉണ്ടായി. അതായത് വിറ്റഴിക്കുന്ന ഓഹരി വാങ്ങാന്‍ അതിന്റെ 25 ഇരട്ടിയോളം ആളുകള്‍ എത്തിയിരുന്നു. ഇതിനുമുന്‍പ് ഓഹരി വിപണിയിലൂടെ യുഎഇയില്‍ ഏറ്റവും കൂടുതല്‍ പണം പിരിച്ചത് ഓയില്‍ സേവനകമ്പനിയായ എന്‍എംഡിസിയായിരുന്നു. ഏകദേശം 7275 കോടി രൂപ സമാഹരിച്ചു.
ലുലുവിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് കമ്പനിയുടെ ഓഹരികള്‍ വിറ്റ് പൊതു ജനങ്ങളില്‍ നിന്നും യൂസഫലി പണം പിരിക്കുന്നത്. 10 രാജ്യങ്ങളിലായി 240 റീട്ടെയ്ല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്ള ലുലു ഇതുവരെ ആവശ്യത്തിനുള്ള പണം സമാഹരിച്ചിരുന്നത് ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, യുഎഇയിലെ രാജകുടുംബാംഗങ്ങളായ സുല്‍ത്താന്‍മാര്‍ എന്നിവരില്‍ നിന്നാണ്. തന്റെ ജീവിതത്തില്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കി പണം പിരിക്കുന്ന വഴിയും ധനസമാഹരണത്തിന് യൂസഫലി പരീക്ഷിച്ചിരിക്കുകയാണ്. ഒരു ലുലു റീട്ടെയ് ല്‍ ഓഹരിയുടെ വില 2.04 ദിര്‍ഹം എന്ന് നിശ്ചയിച്ചിരിക്കുകയാണ്. ഒരു ശതമാനം ഓഹരികൾ ലുലുവിന്റെ ജീവനക്കാർക്കായി മാറ്റിവെച്ചിരുന്നു.
യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ആണ് ലുലു റീട്ടെയ്ൽ സ്വന്തമാക്കിയത്. പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധിക സമാഹരണമാണ് ഐപിഒയിലൂടെ ലഭിച്ചത്. ഓഹരി വിപണിയില്‍ ജനങ്ങളില്‍ നിന്നും ലഭിച്ച വര്‍ധിച്ച പ്രതികരണത്തിന് നന്ദിയുണ്ടെന്ന് ലുലു ചെയര്‍മാന്‍ യൂസഫലി പറഞ്ഞു.
അബുദാബിസെക്യുരിറ്റീസ് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്തത്തിന് സാക്ഷ്യംവഹിക്കുകയായിരുന്നു അന്താരാഷ്‌ട്ര, ദേശീയ, പ്രാദേശിക ഉപഭോക്താക്കള്‍ ലുലു റീട്ടെയ്ല്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ ആദ്യദിവസം തന്നെ ക്യൂവില്‍ നിന്നു. ആദ്യം 25 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 30 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. 258 കോടി ഓഹരികള്‍ക്ക് പകരം 309 കോടിയോളം ഓഹരികള്‍ വിറ്റഴിച്ചു.
82000 റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ ലുലു റീട്ടെയ്ല്‍ ഓഹരികള്‍ വാങ്ങാന്‍ അപേക്ഷ നല്‍കിയിരുന്നു. അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്‌സ് ഇന്റർനാഷ്ണൽ അൻവെസ്റ്റ്‌മെന്റ് കമ്പനി, ബഹ്‌റൈൻ മുംതലകത്ത് ഹോൾഡിങ്ങ്‌സ്, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജകുടുംബങ്ങൾ, ജിസിസി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും ലുലു റീട്ടെയ്ല്‍ ഓഹരികള്‍ സ്വന്തമാക്കി. നവമ്പര്‍ 14നാണ് അബുദാബി ഓഹരി വിപണിയില്‍ ലുലു റീട്ടെയ്ല്‍ എന്ന പേരില്‍ ഷെയര്‍ ലിസ്റ്റ് ചെയ്യുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും ഓഹരി വിലയുടെ ഏറ്റിറക്കങ്ങള്‍ അറിയാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക