തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ വിചാരണയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാകന് കപില്‍ സിബലിന് ഫീസ് ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 31 ലക്ഷം രൂപ.
സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) ഹര്‍ജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിന്റെ വാദത്തിനാണ് വന്‍ തുക പൊടിച്ചത്. ഒരു സിറ്റിങ്ങിന് 15.50 ലക്ഷം രൂപയാണ് കപില്‍ സിബല്‍ ഈടാക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ മെയ് ഏഴിന് സുപ്രീംകോടതിയില്‍ ഹാജരായതിന് 15.50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒക്ടോബര്‍ പത്തിനും ഈ കേസില്‍ ഹാജരായതിന് 15.50 ലക്ഷം അനുവദിച്ചിരുന്നു. കേസില്‍ ഹാജരായതിനാണ് ഫീസ് ഇനത്തില്‍ 15.50 ലക്ഷം അനുവദിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും അഡീഷണല്‍ ലോ സെക്രട്ടറി എന്‍. ജീവന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
അതിനിടെ, കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ നല്കിയ കേസില്‍ ഹാജരായതും കപില്‍ സിബല്‍ തന്നെയാണ്. 90. 50 ലക്ഷം രൂപ ഇതുവരെ കടമെടുപ്പ് കേസില്‍ കപില്‍ സിബലിന് ഫീസായി നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ 31 ലക്ഷവും കൂടിയായതോടെ രണ്ട് കേസുകളില്‍ മാത്രം സിബലിന് ഇതുവരെ ഫീസ് ഇനത്തില്‍ നല്‍കിയത് കോടികളാണ്.
സ്വര്‍ണക്കടത്ത് കേസിലെ തുടര്‍ വിചാരണ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് 2022 ഒക്ടോബര്‍ ഒന്നിനാണ് ഇ ഡി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ മാറ്റണമെന്ന് ഇ ഡി ആവശ്യപ്പെട്ടത്. ആരോപണം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് ഇ ഡി വ്യക്തമാക്കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കേസില്‍ കക്ഷി ചേരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: