കാട്ടാക്കട/നെടുമങ്ങാട്: ഇന്‍സ്റ്റഗ്രാം റീല്‍സുകളില്‍ മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ച് അഭ്യാസം നടത്തിയ വാഹനങ്ങള്‍ അധികൃതര്‍ പിടികൂടി. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങള്‍ വിവിധ പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറി.
ബൈക്ക് സ്റ്റണ്ടിങ്ങ് നടത്തിയവര്‍ക്ക് വന്‍ തുകയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടി വരിക, 15,000 മുതല്‍ ഒരുലക്ഷത്തോളം രൂപ വരെ പിഴ അടക്കേണ്ടി വരും. കാട്ടാക്കട ഡിവൈഎസ്പിയുടെ കീഴില്‍ അഞ്ചു വാഹനങ്ങളാണ് പിടികൂടിയത്. ഇതില്‍ മൂന്നെണ്ണം കാട്ടാക്കടയിലും ഒരെണ്ണം മലയിന്‍കീഴിലും ഒരെണ്ണം വിളപ്പില്‍ശാല പോലീസ് സ്‌റ്റേഷനിലുമാണ് ഉള്ളത്. വരുംദിവസങ്ങളിലും ഇത്തരം വാഹനങ്ങള്‍ പിടികൂടാനാണ് ഉദ്യോഗസ്ഥന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ബൈക്ക് സ്റ്റണ്ടിങ്ങുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളില്‍ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ട്, ചിലതിന് നമ്പര്‍ പ്ലേറ്റ് ഇല്ല, നമ്പര്‍പ്ലേറ്റ് ഉള്ളത് വ്യക്തവും അല്ല.
കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘവും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായാണ് പരിശോധന നടത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരായ പ്രസാദ്, വി.വി. ശിവപ്രസാദ്, സജി, സിയാദ്, അമല്‍ലാല്‍, വിജയന്‍, വിനോദ്, അനൂപ്, രാജീവ് മോഹന്‍, പ്രകാശ് എസ്. എന്നിവര്‍ ചേര്‍ന്നാണ് വാഹനങ്ങള്‍ പിടികൂടിയത്.
സംസ്ഥാനത്താകമാനം നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായി ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ നെടുമങ്ങാട് സബ്ഡിവിഷന്റെ കീഴില്‍ നടത്തിയ പരിശോധനയില്‍ നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു.
വലിയമല പോലീസ് പരിധിയില്‍ രണ്ടു ബൈക്കുകളും നെടുമങ്ങാട് പോലീസ് പരിധിയില്‍ രണ്ടു ബൈക്കുകളുമാണ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി സ്‌റ്റേഷനുകളില്‍ കൈമാറിയത്. രൂപമാറ്റം വരുത്തിയവയും സൈലന്‍സര്‍ ഇല്ലാതെയും റോഡിലിറക്കാന്‍ പാകമല്ലാതെയുമുള്ള വാഹനങ്ങളും പിടിച്ചെടുത്തവയിലുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡു ചെയ്ത റീല്‍സുകള്‍ മോട്ടോര്‍ വാഹനവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. അപകടകരമായി റോഡില്‍ അഭ്യാസങ്ങള്‍ നടത്തി മറ്റു യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങള്‍ ഓടിച്ച് റീല്‍സുകള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്.
ആരുടെയൊക്കെ വാഹനം പിടിച്ചെടുക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് കൃത്യമായി വിവരം തയാറാക്കിയാണ് വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ ആരംഭിച്ചത്. പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് എതൊക്കെ തരത്തിലുള്ള പിഴ ചുമത്തണമെന്ന കാര്യത്തില്‍ ആലോചനയിലാണ് മോട്ടോര്‍ വാഹനവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: