പാലക്കാട്: വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാനാണ് ബിജെപി എല്ലായ്പ്പോഴും മുന്‍തൂക്കം നല്‍കുന്നതെന്ന് മെട്രോമാന് ഇ. ശ്രീധരന് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടെടുപ്പ് 13ന് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കല്പാത്തി തേരിന്റെ പ്രധാന്യം കമ്മീഷനെ ബിജെപി ബോധ്യപ്പെടുത്തുകയായിരുന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന കല്പാത്തി രഥോത്സവത്തിന്റെ ഒന്നാംദിവസം വോട്ടെടുപ്പ് നടത്തുന്നതിന്റെ ബുദ്ധിമുട്ട് ബിജെപി സൂചിപ്പിച്ചിരുന്നു. കല്പാത്തിയുടെ പൈതൃക ഗ്രാമം നിലനിര്‍ത്തുവാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങളെ ഫലപ്രദമായി വിനിയോഗിക്കുവാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ വികാരം സംരക്ഷിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍തൂക്കം നല്‍കിയതെന്നും അതിനാലാണ് തെരഞ്ഞെടുപ്പ് തീയതി നീട്ടിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തേര് സുഗമമായി നടക്കണം. ഭക്തരുടെ വികാരം മാനിക്കണം. ഇക്കാര്യം ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വരണാധികാരികൂടിയായ കളക്ടര്‍ മറ്റൊരു റിപ്പോര്‍ട്ടാണ് നല്‍കിയതെന്നത് അന്വേഷിക്കേണ്ടതാണ്. ഒന്നാം തേര് പ്രധാനമല്ലെന്നും മൂന്നാം തേരാണ് പ്രധാനമെന്നുമായിരുന്നു കളക്ടറുടെ റിപ്പോര്‍ട്ട്. ഇത് ആരുടെ താല്പര്യം സംരക്ഷിക്കാണെന്ന് സുരേന്ദ്രന് ചോദിച്ചു. ഉത്സവം മംഗളകരമായി നടക്കരുതെന്ന ദുരുദ്ദേശമായിരുന്നോ കളക്ടറുടെ റിപ്പോര്‍ട്ടിന് പിന്നില്ലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കല്പാത്തിയില് ബിജെപിക്ക് കിട്ടിയ പിന്തുണ ഇത്തവണയും ഉണ്ടാകരുതെന്ന നിക്ഷിപ്ത താല്പര്യം ചിലര്‍ക്ക് ഉണ്ടായതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്ന ആളല്ല ഇ. ശ്രീധരന്. രാഷ്ട്രീയത്തില്‍ മോഹവും ഉണ്ടായിട്ടില്ല. അധികാരകസേരകളുടെ പിന്നാലെയും പാഞ്ഞിട്ടില്ല. ഇന്നും സംന്യാസിയെപ്പോലെ ജീവിക്കുന്ന ആളാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സ് വിശ്രമമില്ലാത്തതാണ്. ഇതിനെ ഉപയോഗപ്പെടുത്തണമെന്നാണ് ബിജെപി ചിന്തിച്ചത്.
ജാതി-മത ചിന്തകളില്ലാതെ മാതൃകാപരമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ മഹദ്വ്യക്തിയാണ് അദ്ദേഹം. മെട്രോമാനെ തോല്‍പ്പിച്ചത് സിപിഎമ്മുകാരാണെന്ന് സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനയില്‍തന്നെ വ്യക്തമാണ്. പാര്‍ട്ടിയിലെ മതേതര വോട്ട് കോണ്‍ഗ്രസിലേക്ക് പോയി. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മതം നോക്കിയാണ് സിപിഎം അനുകൂലികള്‍ പോലും വോട്ട് ചെയ്തതെന്ന് ബാലന് പരോക്ഷമായി സമ്മിതിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍, വഖഫ് അടക്കമുള്ള വിഷയങ്ങളില്‍ ഐകകണ്ഠ്യേന നിയമസഭയില്‍ പ്രമേയം പാസാകില്ലായിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും ഒരു വിഭാഗത്തിന്റെ താല്പര്യം മാത്രമാണ് പരിഗണിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. മെട്രോമാന് തയ്യാറാക്കിയ പാലക്കാടിന്റെ മര്‍മമറിഞ്ഞ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയം അനിവാര്യമാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണന് നമ്പൂതിരി, വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. വിശ്വനാഥന്, നോര്‍ത്ത് ഏരിയ പ്രസിഡന്റ് എസ്. സതീഷ്, കൗണ്‍സിലര്‍മാരായ കെ. സുഭാഷ്, എല്‍.വി. ഗോപാലകൃഷ്ണന്, ടി. സിന്ധു, ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എന്‍. ഷണ്മുഖന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: