കോഴിക്കോട്: ജന്മഭൂമി സുവര്ണജയന്തിക്ക് തുടക്കം കുറിച്ച് നടക്കുന്ന സ്വ വിജ്ഞാനോത്സവത്തിലെ സാംസ്കാരികോത്സവത്തിന്റെ മൂന്നാം ദിവസം ഗോത്രതാളത്തിന്റെ ചടുലതയില്‍ നാടന്‍ പാട്ടുകളും കുമ്മിയാട്ടവും കലാസന്ധ്യയെ ധന്യമാക്കി. അട്ടപ്പാടിയിലെ ഇരുള ഗോത്രത്തിന്റെ നാടന്‍ പാട്ടുകളും കുമ്മിയാട്ടവുമാണ് മുരുകന് അട്ടപ്പാടിയും സംഘവും അവതരിപ്പിച്ചത്.
”അട്ടപ്പാടി ദേവാ മല്ലീശ്വരാ, നിന്നെ പാക്കാ നാമും വന്തെമു ഈശ്വരാ….” എന്നു തുടങ്ങുന്ന വനവാസികളുടെ ആരാധനാമൂര്‍ത്തിയായ മല്ലീശ്വരനെ സ്തുതിച്ചുകൊണ്ടായിരുന്നു നാടന്‍പാട്ടിനു തുടക്കം. ഇരുള ഗോത്ര വിഭാഗക്കാര്‍ ആഘോഷവേളകളിലും ഗോത്രാചാരച്ചടങ്ങുകളിലും പാടുന്ന പാട്ടുകളാണ് തനത് ശൈലിയില്‍ അവതരിപ്പിച്ചത്.
”കെളെ എടാലെ കൊവുന്തി…” എന്നു തുടങ്ങുന്ന മുറപ്പെണ്ണും മുറചെക്കനും കൃഷിയിടത്തില്‍ നടത്തുന്ന നൃത്തത്തിന്റെ പാട്ടും ”ലേലി ലേലി ലേലി ആകാം ലെളാങ്കിടി ലേലോ” എന്ന കാര്‍ഷിക ഗാനവും ശ്രോതാക്കള്‍ മനമറിഞ്ഞാസ്വദിച്ചു.
പെറെ, ധവില്‍, കൊകാല്, ജാല്റ എന്നീ ഗോത്ര വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു പാട്ടുകള്‍. പാട്ടിനൊപ്പം കുമ്മിയാട്ടത്തിന്റെ ചുവടുകള്‍ കൂടി ആയപ്പോള്‍ വേദിയിലെ ആവേശം സദസ്സിലേക്കും പകര്‍ന്നു. സ്ത്രീയും പുരുഷനും വട്ടത്തില്‍നിന്നും പാടിനൊപ്പം കോലുകള്‍ ഉപയോഗിച്ചും തോര്‍ത്ത് ഉപയോഗിച്ചും കൈക്കൊട്ടിയുമാണ് കുമ്മിയാട്ടം.
ഇരുള ഗോത്രക്കാരുടെ ജനനം മുതല്‍ മരണം വരെയുള്ള ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് എല്ലാ പാട്ടുകളും. ഓരോ ചടങ്ങിനും വ്യത്യസ്തമായ പാട്ടുകളാണ്. ഇരുള ഗോത്രത്തിന്റെ നാടന്‍ പാട്ടുകള്‍ വാമൊഴിയായാണ് തലമുറകളിലേക്ക് പകരുന്നത്. ചെറുപ്പം മുതല്‍ കുട്ടികള്‍ കേട്ടുപഠിച്ചു വരുന്നതാണ് ഈ നാടന്‍പാട്ടുകള്‍.
നമ്മുക്ക് നാമെ ഗോത്ര കലാ സാംസ്കാരിക സമിതിയാണ് സരോവരം നാടന്‍ പാട്ടുകളും കുമ്മിയാട്ടവും അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: