പാലക്കാട്: കളളപ്പണത്തിന്റെ പേരില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അവര്‍ പറഞ്ഞു.
റെയ്ഡിനെതിരെ മഹിളാ കോണ്‍ഗ്രസ് വനിത കമ്മീഷന് പരാതി നല്കി. കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണക്കും ഷാനി മോള് ഉസ്മാനും എതിരെ നടന്ന പൊലീസ് അതിക്രമത്തില്‍ അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നു. അര്‍ദ്ധരാത്രിയില്‍ സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന മുറിയില്‍ ഉള്‍പ്പെടെ റെയ്ഡ് നടത്തിയത് നിയമവിരുദ്ധമാണ്. ഇതില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. യാതൊരുവിധ നിയമങ്ങളും പാലിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നാണ് പരാതി.
രാത്രി 10.45 ഓടെയാണ് ഉറങ്ങാന്‍ കിടന്നതെന്ന് ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. അര്‍ദ്ധ രാത്രി 12 കഴിഞ്ഞപ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത്. നൈറ്റ് ഡ്രസാണ് ധരിച്ചിരുന്നത്. വാതിലിന്റെ ചെറിയ ലെന്‍സിലൂടെ നോക്കിയപ്പോള്‍ പൊലീസ് യൂണിഫോമില്‍ നാല് പേരാണ്. പരിശോധിക്കണമെന്ന ആവശ്യത്തിന് ഈ സമയത്താണോ പൊലീസ് പരിശോധനയെന്ന് ചോദിച്ചു. കതക് തുറക്കാത്തതിനെ തുടര്‍ന്ന് അവര്‍ മടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ പുറത്ത് ബഹളമായി.
കുറച്ച് കഴിഞ്ഞ് ഒരു പൊലീസുകാരി വന്നു. തന്റെ ദേഹവും മുറിക്കകത്ത് മുഴുവന്‍ സാധനങ്ങളും ബാത്ത്റൂമും പരിശോധിച്ചു. എഎ റഹീമിന്റെ സംസ്കാരമല്ല തന്റേത്. അര്‍ത്ഥവും അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് റഹീം ഉന്നയിച്ചത്. സ്ത്രീയെന്ന തന്റെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്.റഹീമിനോട് തനിക്ക് ഇതുവരെ പരമപുച്ഛവും സഹതാപവുമായിരുന്നുവെന്നും ഇപ്പോള്‍ അത് ഒന്നുകൂടി കൂടിയെന്നും ഷാനിമോള്‍ ഉസ്മാന് പറഞ്ഞു.
ഷാനിമോള്‍ ഉസ്മാന്റെയും ബിന്ദുകൃഷ്ണയുടെയും മുറികളില്‍ വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണുയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: