പാലക്കാട്: കേരളത്തിലെ വഖഫ് ഭൂമി സംബന്ധിച്ച ഏറ്റവും പുതിയ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍. ഇതിലെ സര്‍ക്കാര്‍, സ്വകാര്യ, കര്‍ഷക ഭൂമി, ഇതര മതസ്ഥരുടെ ഭൂമി എന്നിങ്ങനെ വേര്‍തിരിച്ചുള്ള കണക്ക് വേണം പുറത്തുവിടാനെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെയെല്ലാം രേഖകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. അത് 20നു മുമ്പു പുറത്തുവിടണം. വഖഫിനെക്കുറിച്ചുള്ള നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് 15 വര്‍ഷം പഴക്കമുള്ളതാണ്. അതിനു ശേഷം വഖഫ് നിരവധി പുതിയ അവകാശങ്ങളുന്നയിച്ചിട്ടുണ്ട്. വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും മുമ്പേ അതിനെതിരേ യുഡിഎഫും എല്‍ഡിഎഫും നിയമസഭയില്‍ ഏകകണ്‌ഠേന പ്രമേയം പാസാക്കി. വിഷയം ജെപിസിയിലാണ്.
വഖഫ് ബോര്‍ഡ് വലിയ പ്രശ്‌നം തന്നെയാണ്. ഏതു ഭൂമിയിലും അവര്‍ക്ക് അവകാശമുന്നയിക്കാം. ക്ഷേത്രത്തെക്കുറിച്ചോ ക്രിസ്ത്യന്‍ പള്ളിയെക്കുറിച്ചോ സ്ഥലത്തര്‍ക്കമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. എന്നാല്‍, വഖഫ് ഭൂമിക്കാര്യത്തില്‍ കോടതിയെ സമീപിക്കാനാകില്ല. ഒരു രാജ്യത്ത് രണ്ടു നിയമമെന്ന അവസ്ഥയാണിത്.
ഇരുമുന്നണികളുടെയും ഇരട്ടത്താപ്പ് കേരളം മനസിലാക്കിയിട്ടുണ്ട്. വഖഫ് വിഷയം ഹിന്ദു, ക്രിസ്ത്യന്‍,മുസ്ലിം പ്രശ്‌നമല്ല. തീവ്ര നിലപാടുകാരും പൊതുസമൂഹവും തമ്മിലെ പ്രശ്‌നമാണ്. തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ല.
മുനമ്പത്തു നിന്നു ജനങ്ങളെ ഒഴിവാക്കാനാണ് വഖഫ് ബോര്‍ഡ് ശ്രമിക്കുന്നതെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി. മുനമ്പത്തേത് വഖഫ് ഭൂമിയാണോയെന്ന് സര്‍ക്കാര്‍ പറയണം. പാലക്കാട്ട് കല്പാത്തിയിലും നൂറണിയിലും വഖഫ് ഭൂമി പ്രശ്‌നമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താവ് ശ്രീപദ്മനാഭന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക