ബാരാമതി: സജീവരാഷ്‌ട്രീയത്തില്‍നിന്ന് വിരമിക്കല്‍ സൂചന നല്‍കി മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ നിർണായക വ്യക്തിത്വമായ ശരദ് പവാർ. ഭാവിയിലെ ഒരു തിരഞ്ഞെടുപ്പിലും താൻ മത്സരിക്കില്ലെന്നും യുവതലമുറയെ നയിക്കാൻ പ്രവർത്തിക്കുമെന്നും ബാരാമതിയിലെ ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശരദ് പവാര്‍ പറഞ്ഞു. താൻ “എവിടെയെങ്കിലും വച്ച് നിർത്തേണ്ടിവരും” വരാനിരിക്കുന്ന മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പാണ് രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറുന്നതിന് മുമ്പ് തന്റെ അവസാന തിരഞ്ഞെടുപ്പെന്ന സൂചനയും പവാര്‍ നൽകി.
തന്റെ ചെറുമകൻ യുഗേന്ദ്ര പവാറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സജീവ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നതായുള്ള സൂചന പവാർ നല്‍കിയത്. “ഞാൻ അധികാരത്തിലില്ല, ഞാൻ രാജ്യസഭയിലാണ്, ഇനി ഒന്നര വർഷം ബാക്കിയുണ്ട്.അതിനുശേഷം ഞാന്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല”- പവാര്‍ പറഞ്ഞു.
1967ൽ ബാരാമതിയിൽ നിന്ന് ആദ്യമായി എംഎൽഎയായത് മുതൽ 57 വർഷത്തെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ പരാജയമറിയാത്ത പവാർ, ജനസേവനവും പ്രവർത്തനവും തുടരുമെന്ന് പറഞ്ഞ് ഭാവി പദ്ധതിയും വെളിപ്പെടുത്തി.
“ഞാൻ 14 തവണ മത്സരിച്ചു. ഒരു തവണ പോലും നിങ്ങൾ (ജനങ്ങൾ) എന്നെ വീട്ടിലേക്ക് അയച്ചില്ല. നിങ്ങൾ എന്നെ എല്ലാ തവണയും തിരഞ്ഞെടുത്തു. പക്ഷേ, എനിക്ക് എവിടെയെങ്കിലും നിർത്തേണ്ടിവരും. എനിക്ക് പുതിയ തലമുറയെ മുന്നോട്ട് കൊണ്ടുവരണം. ഞാൻ സാമൂഹിക പ്രവർത്തനം ഉപേക്ഷിച്ചു എന്നല്ല അർഥമാക്കുന്നത്”അദ്ദേഹം വിശദീകരിച്ചു.
രാഷ്‌ട്രീയ ഭേദമന്യേ ആരാധകരുള്ള പവാർ നാല് തവണ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും യുപിഎ ഭരണകാലത്ത് പ്രതിരോധം, കൃഷി തുടങ്ങിയ സുപ്രധാന കേന്ദ്ര കാബിനറ്റ് പോർട്ട്ഫോളിയോകൾ വഹിക്കുകയും ചെയ്തു. പവാർ 1999-ൽ എൻസിപി രൂപീകരിച്ചു, 2023-ൽ അദ്ദേഹത്തിന്റെ അനന്തരവൻ അജിത് പവാർ പ്രത്യേക വിഭാഗമുണ്ടാക്കിയതിനെത്തുടർന്ന് പാർട്ടി പിളർപ്പിന് സാക്ഷ്യം വഹിച്ചു.
“ഒന്നോ രണ്ടോ തവണയല്ല, നാല് തവണ നിങ്ങൾ എന്നെ മുഖ്യമന്ത്രിയാക്കി. 1967 ൽ നിങ്ങൾ എന്നെ തിരഞ്ഞെടുത്തു, മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് മുമ്പ് ഞാൻ 25 വർഷം ഇവിടെ ജോലി ചെയ്തു. ഇപ്പോൾ, ഭാവിയിലേക്ക് തയ്യാറെടുക്കേണ്ട സമയമാണിത്. അടുത്ത 30 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കുന്ന നേതൃത്വത്തെ നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട് , ”പവാർ ബാരാമതിയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: