Entertainment

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന് ഇത് സന്തോഷങ്ങളുടെ പൂക്കാലം

Published by

തിരുവനന്തപുരം: സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമിന് ഇത് സന്തോഷങ്ങളുടെ പൂക്കാലമാണ്. ഒന്നിനു പുറകെ ഒന്നായി അദ്ദേഹത്തിന് അംഗീകാരങ്ങളും വിജയങ്ങളും ജീവിതത്തില്‍ നല്ലകാര്യങ്ങളും വന്നു ചേരുന്നു. ഒരു സ്വപ്നം പോലെയാണ് എല്ലാം നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ പ്രണയം സഫലമായത്. ദീര്‍ഘകാലം പ്രണയിച്ച ഉത്തരകൃഷ്ണനെ ഒക്ടോബര്‍ 30നാണ് സുഷിന്‍ ശ്യാം വിവാഹം ചെയ്തത്. പാര്‍വ്വതി ജയറാമിന്റെ മരുമകളായ ഉത്തരയ്‌ക്ക് സിനിമയുമായി ബന്ധമുണ്ട്. ട്രാന്‍സ് എന്ന അന്‍വര്‍ റഷീദിന്റെ സിനിമയില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി ഉത്തര ജോലി ചെയ്തിട്ടുണ്ട്. നേരത്തെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് സുഷിന്‍ ശ്യാം ഉത്തരയെ മലയാളത്തിന് പരിചയപ്പെടുത്തിയിരുന്നു.

വിവാഹത്തിന് മുന്‍പേ സുഷിന്‍ ശ്യാം പ്രശസ്തിയുടെ ഉയരങ്ങളി‍ല്‍ എത്തിക്കഴിഞ്ഞിരുന്നു. അദ്ദേഹം സംഗീതം ചെയ്ത രണ്ട് സിനിമകളിലെ- ആവേശം, മഞ്ഞുമ്മല്‍ ബോയ്സ്- ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി എന്ന് മാത്രമല്ല, ഇന്ത്യയൊട്ടാകെ ഈ ഗാനങ്ങള്‍ക്ക് ആരാധകരുണ്ടായി. അതിന് മുന്‍പേ മിന്നല്‍ മുരളി, ഭീഷ്മപര്‍വ്വം, രോമാഞ്ചം എന്നീ സിനിമകളിലെ ഗാനങ്ങളും വന്‍ഹിറ്റുകളായിരുന്നു.

ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സൂപ്പര്‍ ഹിറ്റുകളായ സിനിമകളുടെ ഗാനങ്ങളാണ് അദ്ദേഹത്തിന് വലിയ പേര് നല്‍കിയത്. ഈ രണ്ട് സിനിമകളുടെയും പാട്ടുകള്‍ ഗ്രാമി അവാര്‍ഡിന് വേണ്ടി സുഷിന്‍ ശ്യാം സമര്‍പ്പിച്ചത് ഈയിടെയാണ്. സംഗീതത്തില്‍ ഏറേ പ്രശസ്തമായ അന്താരാഷ്‌ട്ര അവാര്‍ഡാണ് ഗ്രാമി.

എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച സുഷിന്‍ ശ്യാം

സെന്‍റ് ജോസഫ് ഹൈസ്കൂൾ, മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. വളരെ ചെറിയ പ്രായത്തിൽ തന്നെ കീബോർഡ് പരിശീലനം നേടിയ സുഷിൻ ശ്യാം സ്കൂൾ കാലഘട്ടത്തിൽ നിരവധി സംസ്ഥാനതല പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സ്കൂൾ പഠനത്തിന് ശേഷം എഞ്ചിനീയറിംഗിന് ചേർന്നെങ്കിലും സംഗീതത്തോടുള്ള ഇഷ്ടംകൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട്, മലയാളത്തിലെ സംഗീത സംവിധായനായ ദീപക് ദേവിന്റെ സഹായി ആയി 2 വർഷത്തോളം ജോലി ചെയ്തു. 2008ൽ ടി.ഡി.ടി എന്ന മെറ്റൽ ബാന്റിൽ ചേർന്നു. ദ ഡൗൺ ട്രൊഡൻസ് എന്ന പ്രശസ്ത മെറ്റൽ ബാന്‍റിലെ കീബോഡിസ്റ്റ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സുഷിന്‍ ശ്യാം സംഗീതവേദിയില്‍ തിളങ്ങി.

സ്വതന്ത്രസംഗീതസംവിധായകനായി മാറിയത് 2014ല്‍ സപ്തമശ്രീ തസ്കര: എന്ന സിനിമയിലാണ്. ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി (2015), കിസ്മത്ത് (2016), എസ്ര, ദി ഗ്രേറ്റ് ഫാതർ, വില്ലൻ, മറഡോണ (2017), വരത്തൻ, ലില്ലി (2018) കുമ്പളങ്ങി നൈറ്റ്സ്, വൈറസ് (2019) എന്നീ സിനിമകള്‍ ചെയ്തു. 2019 – ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതോടെ ഏറെ ശ്രദ്ധേയനായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക