വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാ രാജ്യങ്ങളോടും സൗഹൃദവും സൗമ്യതയുമാണ് ഭാരതം ആഗ്രഹിക്കുന്നത്. കലര്‍പ്പില്ലാത്ത സൗഹൃദം അതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. അതിന് ഭംഗം വരുത്താന്‍ ആരുതന്നെ ശ്രമിച്ചാലും അതിനെ തിരസ്‌കരിക്കുക എന്ന നയമാണ് സ്വീകരിച്ചുവരുന്നത്. അത് ഫലത്തില്‍ ഏറെ പ്രയോജനപ്പെട്ടു എന്നുകാണാം. ഏറെ ശത്രുതയിലായിരുന്ന ചൈനയുമായുള്ള ബന്ധം ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടു. പാകിസ്ഥാനുമായും ബന്ധം മെച്ചപ്പെടുന്നു. എന്നാല്‍ കാനഡ-ഭാരത ബന്ധം നാള്‍ക്കുനാള്‍ മോശപ്പെട്ടുകൊണ്ടിരിക്കുന്നതായി കാണുന്നു. നയതന്ത്ര ബന്ധത്തില്‍ വിഷം കലക്കാന്‍ കാനഡ ശ്രമിക്കുന്നതായാണ് അനുഭവം. കാനഡ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കാനഡ നടത്തിയ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായാണ് മുന്നോട്ടുപോയത്. അടിസ്ഥാനരഹിതവും അസംബന്ധവുമായ പ്രസ്താവന നടത്തിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കാനഡയ്‌ക്ക് മുന്നറിയിപ്പ് നല്കി. ദല്‍ഹിയിലെ കനേഡിയന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് കേന്ദ്രവിദേശകാര്യമന്ത്രാലയം പ്രതിഷേധിച്ചത്. കാനഡയിലെ ഭാരത എംബസിയില്‍ പ്രവര്‍ത്തിക്കുന്ന നയതന്ത്ര പ്രതിനിധികള്‍ക്കുമേല്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെയും ശക്തമായ താക്കീത് നല്‍കി. ഒട്ടാവയില്‍ നടന്ന പബ്ലിക് സേഫ്റ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ അമിത് ഷായ്‌ക്കെതിരെ കനേഡിയന്‍ ഡപ്യൂട്ടി മിനിസ്റ്റര്‍ ഡേവിഡ് മോറിസണ്‍ നടത്തിയ മോശം പ്രസ്താവനയില്‍ പ്രതിഷേധിച്ച് കനേഡിയന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി നയതന്ത്ര കുറിപ്പ് കൈമാറിയിട്ടുണ്ട്. ഭാരതത്തെ മോശമാക്കി ചിത്രീകരിച്ച് അന്താരാഷ്‌ട്രതലത്തില്‍ നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നുണ്ട്. നിലവിലെ കനേഡിയന്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ അജണ്ടയോടും പെരുമാറ്റ രീതികളോടും ഭാരതത്തിന് എതിര്‍പ്പുണ്ടെന്നും ഉത്തരവാദിത്തരഹിതമായ പ്രവൃത്തികള്‍ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഭാരതം വ്യക്തമാക്കി.
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഭാരതത്തെ കാനഡ ശത്രുവായി പ്രഖ്യാപിച്ചതിനെയും കേന്ദ്രവിദേശകാര്യ വക്താവ് അപലപിച്ചു. ഭാരതത്തെ ലക്ഷ്യംവച്ചു നടത്തുന്ന തന്ത്രപരമായ ആക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് കാനഡയുടെ നടപടി. ആഗോള അഭിപ്രായം ഭാരതത്തിനെതിരെയാക്കാന്‍ കൃത്രിമങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുന്നതായി കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ കാനഡയുടെ നടപടികളെ അങ്ങനെ കണ്ടാല്‍ മതിയെന്നും വക്താവ് പ്രതികരിച്ചു. ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാറിന്റെ വധത്തിന് പന്നില്‍ ഭാരതത്തിന് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കാനഡയില്‍ സിഖ് ഭീകരരെ ലക്ഷ്യമിട്ട് നടക്കുന്ന കൊലകള്‍ക്ക് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായാണ് നേതൃത്വം നല്‍കുന്നതെന്ന ആരോപണം ബന്ധം കൂടുതല്‍ തകര്‍ത്തിരിക്കുകയാണ്. ഭാരത ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മയെ കഴിഞ്ഞ മാസം കാനഡയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിക്കുകയും ആറോളം കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ ഭാരതത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കലുഷിതമായ കാനഡ നയതന്ത്രബന്ധം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി പാര്‍ലമെന്ററി സമിതിക്ക് മുന്‍പില്‍ വിശദീകരണം നല്‍കും. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ്സിങ് നിജ്ജാര്‍ വധത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായത് സംബന്ധിച്ച് ആറിനാണ് വിശദീകരണം നല്‍കുക. കനേഡിയന്‍ ഉപവിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ ആണ് അമിത്ഷായ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഖാലിസ്ഥാന്‍ വിഘടനവാദികള്‍ കനേഡിയന്‍ മണ്ണില്‍ നിന്ന് ഭാരതവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായി ഭാരതം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: