കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയുടെ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ നടന് മമ്മൂട്ടി സംസാരിച്ചത് മത്സരാര്‍ത്ഥികളായ കൗമാരതാരങ്ങള്ക്കാകെ ഉപദേശം ചൊരിഞ്ഞ്. മത്സരിക്കുന്ന എതിരാളികളെ ശത്രുവായി കാണരുത്, അത്തരം ചിന്തകള്‍ പോലും പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. സ്പോര്‍ട്സ് സ്പിരിറ്റോടുകൂടി മത്സരങ്ങളെ സമീപിക്കണം. എതിരാളികള്‍ ഉള്ളതുകൊണ്ടാണ് നിങ്ങളുണ്ടാകുന്നതെന്ന ഓര്‍മ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് മിനിറ്റ് നീണ്ട പ്രസംഗം എന്റെ പ്രിയപ്പെട്ട തക്കുടുവാവകളെ എന്ന് അഭിസംബോധനം ചെയ്താണ് മമ്മൂട്ടി തുടങ്ങിയത്. കുട്ടിക്കാലത്ത് കളിക്കാന്‍ മടിയനായിരുന്നു. എനിക്കിപ്പോള്‍ നിങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിലിറങ്ങാന്‍ കൊതിയാവുകയാണ്. താന്‍ കുട്ടിക്കാലത്ത് മോണോആക്ടും നാടകവും കളിച്ചുനടക്കുകയായിരുന്നു. ഇപ്പോഴത്തെ കുട്ടികളും ഈ കൂട്ടവും എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. പരമാവധി ആത്മാര്‍ഥതയോടെ ഗെയിമിനെ സമീപിക്കണം, വിജയം നമ്മുടേതായിരിക്കും-മമ്മൂട്ടി പറഞ്ഞു. കൂടെ ഓടുന്നവരും ചാടുന്നവരും മോശക്കാരല്ലെന്ന ഓര്‍മവേണം, അവര്‍ക്കും ജയിക്കണമെന്ന വാശിയുണ്ടാവും. ഒടുവില്‍ എല്ലാവര്ക്കും വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് മമ്മൂട്ടി സദസ് വിട്ടു.
സ്കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസിഡറായി ഹോക്കി ഇതിഹാസം പി.ആര് ശ്രീജേഷിനെ നിര്‍ദേശിച്ചത് മമ്മൂട്ടിയായിരുന്നു. ഒളിംപിക്സ് മാതൃകയില്‍ നടത്തുന്ന മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി മമ്മൂട്ടിയെയാണ് വിദ്യാഭ്യാസ വകുപ്പ് ആദ്യം ആലോചിച്ചിരുന്നത്. ഇക്കാര്യം മമ്മൂട്ടിയെ നേരിട്ട് അറിയിച്ചപ്പോള്‍ മമ്മൂട്ടി ശ്രീജേഷിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ അവതാരകന് ഷൈജു ദാമോദരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായ പി.ആര് ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം പരിശീലകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: