Business

അതിവിചിത്രമീ മസ്ക്; തന്റെ 11 കുട്ടികളെ ഒരിടത്ത് കാണാന്‍ ഇലോണ്‍ മസ്ക് 300 കോടി ചെലവില്‍ വലിയ ആഡംബര വസതി വാങ്ങുന്നു

Published by

വാഷിംഗ്ടണ്‍: ടെസ് ല മോ‍ട്ടോർസിന്റെയും 2012ൽ റോക്കറ്റ് വിക്ഷേപിച്ച് ചരിത്രം സൃഷ്‌ടിച്ച സ്പേസ് എക്സ് എന്ന കമ്പനിയുടെയും സ്ഥാപകനായ ഇലോണ്‍ മസ്ക് തന്റെ 11 മക്കളെ ഒന്നിച്ച് കാണാന്‍ 300 കോടി ചെലവില്‍ ഒരു വലിയ ആഡംബര വസതി അമേരിക്കയില്‍ വാങ്ങുന്നു. പല ഭാര്യമാരില്‍ ആയാണ് ഇലോണ്‍ മസ്കിന് 11 കുട്ടികള്‍ ഉള്ളത്.

റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനിയായ സ്പേസ് എക്സ് , ഓപ്പൺ എ.ഐ , സോളാർ സിറ്റി , സിപ്‌ 2 , എക്സ്.കോം എന്നീ കമ്പനികളുടെ സഹ സ്ഥാപകൻ കൂടിയായ ഇലോണ്‍ മസ്ക് ലോകത്തിലെ ഏറ്റവും വലിയ ധനികനാണ്. 26300 കോടി ഡോളര്‍ ആണ് ഇദ്ദേഹത്തിന്റെ ആസ്തി.

കുഞ്ഞുങ്ങള്‍ വേണമെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണമെന്നും ഇലോണ്‍ മസ്ക്

മനുഷ്യരാശി വളരാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകണമെന്നും ഓരോ ദമ്പതിമാരും മൂന്നോ നാലോ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നും ഉള്ള അഭിപ്രായക്കാരനാണ് ഇലോണ്‍ മസ്ക്. പടിഞ്ഞാറന്‍ സംസ്കാരം ജനനനിരക്കുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടുകിടക്കുന്നു എന്നും ജനനനിരക്ക് കുറഞ്ഞാല്‍ ഒരു ഘട്ടത്തില്‍ പാശ്ചാത്യരാജ്യങ്ങളുടെ സംസ്കാരം തന്നെ തുടച്ചുനീക്കപ്പെടുമെന്നും ഇലോണ്‍ മസ്ക് അഭിപ്രായപ്പെടുന്നു.

നാലു ഭാര്യമാര്‍, 11 മക്കള്‍

മുന്‍ ഭാര്യ ജസ്റ്റിന് മസ്കിനിലുണ്ടായ ആദ്യ കുഞ്ഞ് മരിച്ചതിന് ശേഷം വിവിധ ഭാര്യമാരിലായി 11 കുട്ടികളാണ് മസ്കിനുള്ളത്. ജസ്റ്റിന്‍ – മസ്ക് ബന്ധത്തില്‍ ഇവര്‍ക്ക് പിന്നീട് അഞ്ച് കുട്ടികള്‍ കൂടിയുണ്ടായി . പിന്നീട് ഇലോണ്‍ മസ്ക് ബ്രിട്ടീഷ് നടി താലുല റിലേയെ രണ്ടുതവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തെങ്കിലും ഈ ബന്ധത്തില്‍ കുട്ടികളില്ല.2020 നും 2022 നും ഇടയില്‍, സംഗീതജ്ഞ ഗ്രിംസുമായുള്ള ബന്ധത്തില്‍ മസ്കിന് മൂന്ന് കുട്ടികള്‍ കൂടിയുണ്ടായി. മസ്കിന്റെ ന്യൂറലിങ്ക് കമ്പനിയിലെ എക്സിക്യൂട്ടീവായ ഷിവോണ്‍ സില്ലിസില്‍ മസ്കിന് മൂന്ന് കുട്ടികള്‍ ഉണ്ട്.

14400 ചതുരശ്ര അടിയുള്ള മാളിക, ആറ് കിടപ്പുമുറിയുള്ള വീട്

അങ്ങിനെ ആകെ സ്വന്തമായുള്ള പതിനൊന്ന് കുട്ടികള്‍, താന്‍ വിവാഹം കഴിച്ചതും കഴിക്കാത്തതുമായ അവരുടെ അമ്മമാര്‍.. ഇവരെയെല്ലാം ഒരുമിച്ച് ഒരിടത്ത് താമസിപ്പിച്ചാല്‍ എല്ലാവരെയും ഒന്നിച്ച് കാണാമെന്ന ചിന്തയാണ് എല്ലാവരേയും ഉള്‍ക്കൊള്ളിക്കാവുന്ന വലിയൊരു വീട് വാങ്ങുക എന്ന തീരുമാനത്തിലേക്ക് ഇലോണ്‍ മസ്കിനെ നയിച്ചത്. ഇതിനായി ടെക്സസിലെ ഓസ്റ്റിനില്‍ 14,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വലിയ മാളികയും തൊട്ടടുത്തുള്ള ആറ് കിടപ്പുമുറിയുള്ള വീടും മസ്ക് വാങ്ങിയതായാണ് റിപ്പോര്‍ട്ട്.

ഏകദേശം 300 കോടി രൂപയാണ് ഇതിനായി മസ്ക് ചെലവഴിച്ചിരിക്കുന്നത്. ഇലോണ്‍ മസ്കിന്റെ ടെക്സാസിലെ വസതിയില്‍ നിന്ന് ഏകദേശം 10 മിനിറ്റ് മാത്രം അകലെയാണ് പുതിയ മാളിക. വിപണി വിലയേക്കാള്‍ 70% കൂടുതല്‍ നല്‍കിയാണ് മസ്ക് ഈ വലിയ വസതി വാങ്ങിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by