ചെന്നൈ: ചെസ്സില്‍ അത്ഭുതജന്മങ്ങള്‍ക്ക് അവസാനമില്ല. ആദ്യ ഗ്രാന്‍റ് മാസ്റ്റര്‍ പദവി കൊണ്ടുവരികയും അഞ്ച് തവണ ലോകചാമ്പ്യനുമായ വിശ്വനാഥന്‍ ആനന്ദ്. 17ാം വയസ്സില്‍ അജയ്യനായ ലോകതാരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് പ്രജ്ഞാനന്ദ, 21ാം വയസ്സില്‍ 2800 എന്ന ലോക റേറ്റിംഗ് നേടുകയും ലോക നാലാം നമ്പര്‍ താരമായി മാറുകയും ചെയ്ത അര്‍ജുന്‍ എരിഗെയ്സി, 18ാം വയസ്സില്‍ ലോകചാമ്പ്യന്‍പട്ടത്തിനായി സിംഗപ്പൂരില്‍ ഇപ്പോഴത്തെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ നേരിടുന്ന ഡി.ഗുകേഷ്. അങ്ങിനെ നിരവധി വ്യക്തിത്വങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇന്ത്യയില്‍ ഇതാ മറ്റൊരു പുത്തന്‍ താരോദയം. മൂന്നു വയസ്സുകാരന്‍ അനീഷ് സര്‍ക്കാരാണ് ഫിഡെ റേറ്റിംഗ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി മാറിയത്. 1555 എന്ന റേറ്റിംഗ് നേടിയാണ് അനീഷ് സര്‍ക്കാര്‍ എന്ന മൂന്ന് വയസ്സുകാരന്‍ ഫിഡെ റേറ്റിംഗുള്ള ചെസ് കളിക്കാരനായി മാറിയത്.
ഒമ്പത് വയസ്സിന് താഴെയുള്ളവരുടെ പോരാട്ടത്തില്‍ അനീഷ് സര്‍ക്കാര്‍ എട്ടില്‍ 5.5 പോയിന്‍റ് നേടിയാണ് ആദ്യമായി വരവറിയിച്ചത്. പിന്നീട് 13 വയസ്സിന് താഴെയുള്ളവരുടെ പോരാട്ടത്തിലാണ് അനീഷ് സര്‍ക്കാര്‍ മികച്ച പോരാട്ടം നടത്തി ഫിഡെ റേറ്റിംഗ് ആയ 1555 നേടിയത്.
തേജസ് തിവാരി എന്ന ഇന്ത്യന്‍ താരം അഞ്ചാം വയസ്സില്‍ ഫിഡെ റേറ്റിംഗ് നേടിയതായിരുന്നു ഇതിന് മുന്‍പത്തെ റെക്കോഡ്. അതാണ് ഇപ്പോള്‍ അനീഷ് സര്‍ക്കാര്‍ തിരുത്തിയത്. അനീഷ് സര്‍ക്കാരിനെ ചെസ്സ് എന്ന അത്ഭുതലോകത്തേക്ക് കൊണ്ടുവന്നത് ദിബ്യേന്ദു ബറുവയാണ്. ഓര്‍മ്മയുണ്ടോ ദിബ്യേന്ദു ബറുവയെ? വിശ്വനാഥന്‍ ആനന്ദിന് ശേഷം ഗ്രാന്‍റ് മാസ്റ്ററായ രണ്ടാമത്തെ താരമാണ് ദിബ്യേന്ദു ബറുവ. ചെസ്സിനെക്കുറിച്ച് ഒന്നുമറിയാത്ത മാതാപിതാക്കളുടെ മകനായിട്ടും സമ്പന്നമല്ലാത്ത കുടുംബപശ്ചാത്തലമായിരുന്നിട്ടും അനീഷ് സര്‍ക്കാരിന്റെ ചെസ്സിലെ മുന്നേറ്റം അമ്പരപ്പിക്കുന്നതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: