ടെഹ്റാൻ: ഇറാനിൽ നിർബന്ധിത ഹിജാബിനെതിരെ യുവതിയുടെ പ്രതിഷേധം. പരസ്യമായി വസ്ത്രമഴിച്ചായിരുന്നു യുവതി പ്രതിഷേധിച്ചത്. ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയിൽ അരങ്ങേറിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. യുവതിക്ക് മാനസിക വിഭ്രാന്തിയെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, യുവതിയുടെ നടപടി ബോധപൂർവമായ പ്രതിഷേധമാണെന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം. നിർബന്ധിത ഹിജാബിനെതിരെയുള്ള പ്രതികരണമാണ് യുവതിയുടെ പ്രതിഷേധമെന്ന് ലെയ് ലാ എന്ന യുവതി എക്സിൽ കുറിച്ചു. പ്രതിഷേധിച്ച യുവതിയെ സർവകലാശാലയിലെ സുരക്ഷാ ജീവനക്കാർ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു.
യൂണിവേഴ്സിറ്റി വക്താവ് അമീർ മഹ്ജോബ് എക്സിൽ പറഞ്ഞത്, പോലീസ് സ്റ്റേഷനിൽ യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായും ആണ്. അന്വേഷണങ്ങൾക്ക് ശേഷം യുവതിയെ മിക്കവാറും മാനസികാശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന.
ഹിജാബ് നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 2022 സെപ്റ്റംബറിൽ ഇറാനിയൻ കുർദിഷ് യുവതി സദാചാര പോലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു. നിരവധി സ്ത്രീകൾ തങ്ങളുടെ മൂടുപടം ഉപേക്ഷിച്ച് രംഗത്തെത്തി. അധികൃതർ നിരവധി സമരങ്ങളെ അടിച്ചമർത്തിയാണ് നിശബ്ദമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: