1996 മാര്‍ച്ച് 13. ‘ജന്മഭൂമി’യുടെ ചരിത്രത്തില്‍ നിര്‍ണായകമായ ദിനം.
ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ ‘ജന്മഭൂമി’ കുറിപ്പെഴുതിയ ദിനം. തല്ലും തലോടലും ഒന്നിച്ചനുഭവിച്ച മുഹൂര്‍ത്തം. അന്ന് രാവിലെ ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് കെ.ടി. തോമസ്, ജസ്റ്റിസ് എസ്.ശങ്കരസുബ്ബനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഏറെ വിവാദമായ കോടതിയലക്ഷ്യ കേസില്‍ വിധി പറഞ്ഞു.
കോടതിയലക്ഷ്യ പ്രസംഗം നടത്തിയ ആള്‍ക്ക് തടവു ശിക്ഷ നല്കിയ വിധി ന്യായം ഇന്ത്യന്‍ ജൂഡിഷ്യറിയുടെ ചരിത്രത്തിലും രേഖപ്പെട്ട ഒന്നായി മാറി. പ്രസംഗത്തിന്റെ പേരില്‍, പത്രവാര്‍ത്തയുടെ മാത്രം അടിസ്ഥാനത്തില്‍ കോടതിയലക്ഷ്യക്കേസ് എടുത്ത് ഹൈക്കോടതി ശിക്ഷ വിധിക്കുന്ന ആദ്യ സംഭവം. പ്രതിസ്ഥാനത്തുണ്ടായിരുന്ന മാധ്യമ സ്ഥാപനത്തെ അനുമോദിച്ച് വെറുതെ വിട്ടു എന്ന സവിശേഷതയും. സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ കെ.ടി. തോമസ് ഹൈക്കോടതി ജഡ്ജി എന്ന നിലയില്‍ അവസാനം എഴുതിയ ആ വിധിന്യായത്തിലൂടെ ‘ജന്മഭൂമി’ ഒരേസമയം ജൂഡീഷ്യറിയുടെയും ഇന്ത്യന്‍ മാധ്യമലോകത്തിന്റേയും ചരിത്രത്തിലാണ് ഇടം പിടിച്ചത്.
1995 ഡിസംബര്‍ 28-ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനത്ത് നടന്ന ഒരു പ്രസംഗത്തില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ശിവഗിരി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് കെ.എ. ബാഹുലേയനായിരുന്നു പ്രാസംഗികന്. ശിവഗിരിയില്‍ സംന്യാസിമാര്‍ തമ്മില്‍ തെരഞ്ഞെടുപ്പു സംബന്ധിച്ച് തര്‍ക്കം. സ്വാമി പ്രകാശാനന്ദയും സ്വാമി ശാശ്വതീകാനന്ദയും ഇരുപക്ഷത്തുനിന്ന് നേതൃത്വം കൊടുത്ത തര്‍ക്കം കോടതിയിലെത്തി. ശിവഗിരി തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യന് പ്രസ്താവിച്ച വിധി സ്വാമി ശാശ്വതീകാനന്ദ പക്ഷത്തിന് എതിരായിരുന്നു. വിധി അംഗീകരിക്കാതെ ശിവഗിരി ഭരണം തുടരാനായിരുന്നു ആ പക്ഷത്തിന്റെ നീക്കം. ആര്. ശങ്കറിന്റെ മകന് മോഹന്‍ ശങ്കറിന്റെ നേതൃത്വത്തില്‍ ശിവഗിരി ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് കോടതി വിധിക്കെതിരെ വ്യാപക പ്രചാരണം നടത്തി. അതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ വക്താവായിരുന്ന ബാഹുലേയന്, ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യനെ ജാതീയമായി പരാമര്‍ശിച്ചുകൊണ്ടാണ് വിധിന്യായത്തെ ആക്ഷേപിച്ചത്. ശിവഗിരി പ്രശ്നത്തില്‍ തുടക്കം മുതല്‍ സ്വാമി പ്രകാശാനന്ദ പക്ഷത്തിനൊപ്പമായിരുന്നു ജന്മഭൂമി. സത്യവും നീതിയും ആ പക്ഷത്താണെന്ന ഉത്തമ ബോധ്യത്താലുള്ള നിലപാടായിരുന്നു അത്.
തിരുവനന്തപുരത്ത് ‘ജന്മഭൂമി’ സായാഹ്ന പതിപ്പ് പുറത്തിറക്കിയിരുന്ന സമയം. ചൂടുള്ള വാര്‍ത്തകള്‍ നല്കി ശ്രദ്ധ നേടുകയും ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. കെ.എ. ബാഹുലേയന് ഹൈക്കോടതി ജഡ്ജിയെ ആക്ഷേപിച്ചു നടത്തിയ പ്രസംഗം ‘ജന്മഭൂമി’ സായാഹ്നപത്രത്തില്‍ റിപ്പോര്‍ട്ടു ചെയ്തു. പത്ര കട്ടിംഗ് ഹാജരാക്കി അഡ്വക്കേറ്റ് ജനറല്‍ എസ്.നാരായണന്‍പോറ്റി കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി മുമ്പാകെ കൊണ്ടുവന്നു. പ്രസംഗിച്ച ബാഹുലേയന് ഒന്നാം പ്രതി. ‘ജന്മഭൂമി’യുടെ മാനേജിംഗ് ഡയറക്ടര്‍ പി.പി മുകുന്ദന്, മാനേജിംഗ് എഡിറ്റര്‍ കുമ്മനം രാജശേഖരന്, ന്യൂസ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന് എന്നിവര്‍ കൂട്ടു പ്രതികളും.
ജൂഡീഷ്യറിയെ വിമര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു ബാഹുലേയന്റെ വാദം. താന്‍ പറഞ്ഞതല്ല ജന്മഭൂമിയില് വന്നതെന്നും കോടതിയില്‍ പറഞ്ഞു.
ബാഹുലേയന് പ്രസംഗിച്ചതു മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്നായിരുന്നു ‘ജന്മഭൂമി’യുടെ നിലപാട്. കോടതിയോട് ഒരിക്കലും അനാദരവു കാട്ടാനോ അപകീര്‍ത്തിപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്ന് ‘ജന്മഭൂമി’യിലെ മൂന്ന് പേരും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ബാഹുലേയന് കാണിച്ചതുപോലുള്ള പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാനും അത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനുമാണ് പ്രസിദ്ധീകരിച്ചത്. ചെയ്തത് തെറ്റാണെന്നറിയാം. എന്നാല്‍ സത്യാവസ്ഥ നീതിന്യായപീഠത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മറ്റു മാര്‍ഗമില്ലായിരുന്നു എന്നും ‘ജന്മഭൂമി’ കോടതിയെ അറിയിച്ചു.
ബാഹുലേയന് ഉപയോഗിച്ച ഭാഷ വിമര്‍ശനത്തിന്റെ പരിധിയിലൊതുങ്ങുന്നതല്ലെന്നും അത് ജൂഡീഷ്യറിയുടെ വില താഴ്ത്തികെട്ടാനിടയാക്കിയെന്നും പറഞ്ഞ കോടതി മൂന്നു മാസത്തെ തടവ് ശിക്ഷ ബാഹുലേയന് വിധിച്ചു. സത്യസന്ധതയോടും ഉത്തമവിശ്വാസത്തോടും കൂടിയ പത്രപ്രവര്‍ത്തനമാണ് ‘ജന്മഭൂമി’യുടേതെന്ന് കണ്ടത്തിയ കോടതി, ‘ജന്മഭൂമി’യുടെ പ്രതിനിധികളായ രണ്ടു മുതല്‍ നാലുവരെയുള്ള പ്രതികള്‍ ദുരുപദിഷ്ടമായോ അനാദരവോടെയോ ഒന്നും ചെയ്തിട്ടില്ലെന്ന് വിലയിരുത്തി വെറുതെ വിട്ടു.
അഗ്നിയെ തോല്‍പ്പിച്ച പത്രം
നിലപാട് തറയില്‍ ഉറച്ചുനിന്ന് നിയമ പോരാട്ടം നടത്തി ‘ജന്മഭൂമി’ വിജയം കൊയ്ത ആ ദിനം പത്രത്തിന്റെ ചരിത്രത്തിലെ ഒരു ദുര്‍ദിനം കൂടിയായിരുന്നു. ഒപ്പം നിശ്ചയദാര്‍ഢ്യത്തിന്റെ ദിവസവും. കേസ് കഴിഞ്ഞ് പി.പി. മുകുന്ദനും കെ.കുഞ്ഞിക്കണ്ണനും തിരുവനന്തപുരത്തേക്ക് കാറില്‍ മടങ്ങി. ആലപ്പുഴയില്‍ ചായ കുടിക്കാനിറങ്ങി. അവിടെ റേഡിയോയില്‍ 6.15നുള്ള വാര്‍ത്ത. കൊച്ചിയില്‍ ‘ജന്മഭൂമി’ പ്രസ് തീ കത്തി നശിച്ചു. കാര്‍ കൊച്ചിയിലേക്ക് തിരിച്ചുവിടാന്‍ പി.പി. മുകുന്ദന് നിര്‍ദ്ദേശിച്ചു. എട്ടുമണിയോടെ എത്തിയ അവര്‍ കണ്ടത് പൂ
ര്‍ണ്ണമായും ചാമ്പലായ പ്രസ്. അച്ചടിക്കടലാസ്, അച്ചടി മഷി, ഫര്‍ണിച്ചര്‍ എല്ലാം കത്തി നശിച്ചു. പത്രം ഇറക്കാനാകില്ലെന്ന മാനസിക നിലയിലായിരുന്നു എഡിറ്റോറിയല്‍ വിഭാഗം. പക്ഷെ, പി.പി. മുകുന്ദന് ഉറപ്പിച്ചു പറഞ്ഞു: പത്രം ഒരു കാരണവശാലും മുടങ്ങരുത്. നാളെ ഇറങ്ങണം.
അപകട വിവരം അറിഞ്ഞെത്തിയ ദീപികയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.കെ. എബ്രഹാം, ‘ജന്മഭൂമി’ അവരുടെ പ്രസില്‍ അച്ചടിക്കാനും എഡിറ്റോറിയല്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാനും അനുവദിക്കാമന്ന് നിര്‍ദ്ദേശിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പ്രസ് കത്തിയ വാര്‍ത്ത ലീഡാക്കി, ബാഹുലേയനെ ശിക്ഷിച്ച വാര്‍ത്തയും വിശകലനവും ഒന്നാം പേജില്‍ കൊടുത്ത് പത്രം പുറത്തിറങ്ങി. മറ്റൊരു പത്രസ്ഥാപനത്തിന്റെ പ്രസില്‍ അച്ചടിച്ച് പുറത്തിറങ്ങിയ ആദ്യ ദിനപത്രം ജന്മഭൂമിയായി.
സുപ്രീം കോടതിയില്‍ പോയ ബാഹുലേയന് അവിടേയും തോറ്റു മൂന്നു മാസം ജയില്‍വാസം പൂര്‍ത്തിയാക്കി. എസ്എന്‍ഡിപി യോഗത്തിന്റെ പ്രമുഖ ഭാരവാഹിയായിരുന്ന അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന ഭാരവാഹിയായി. ശിവഗിരി വിഷയത്തില്‍ ‘ജന്മഭൂമി’ എടുത്ത നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു.
നിലപാടിന്റെ പേരില്‍ കയ്യാമം
പ്രസിദ്ധീകരണം തുടങ്ങി രണ്ടു പതിറ്റാണ്ടിനുശേഷമാണ് വാര്‍ത്തയുടെ പേരില്‍ ‘ജന്മഭൂമി’ കോടതി കയറി വാര്‍ത്ത സൃഷ്ടിച്ചത്. എന്നാല്‍ പിറന്ന് രണ്ടു മാസം തികഞ്ഞപ്പോള്‍ത്തന്നെ ചീഫ് എഡിറ്ററുടെ അറസ്റ്റിലൂടെ ‘ജന്മഭൂമി’ ചരിത്രത്തിന്റെ ഭാഗമായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പത്രാധിപര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് പോരാടിയതിന്റെ പേരില്‍ കയ്യാമം വയ്ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ‘ജന്മഭൂമി’ യുടേതാണ്. പ്രഥമ ചീഫ് എഡിറ്റര്‍ പി.വി.കെ. നെടുങ്ങാടിയായിരുന്നു ആ പത്രാധിപര്‍.
ഭാരതീയ വിചാരധാരയുടെ കേരളത്തിലെ ഏറ്റവും ശക്തനായ വക്താവ് പി. പരമേശ്വര്‍ജി ദീപം തെളിച്ചതോടെ 1975 ഏപ്രില്‍ 28 ന് കോഴിക്കോടുനിന്ന് സായാഹ്ന പത്രമായിട്ടായിരുന്നു തുടക്കം.
വായനയില്‍ കൗതുകവും വാര്‍ത്തയില്‍ സവിശേഷതയും കൈവരിച്ചെങ്കിലും അത് ഒരു മാസത്തോളമേ നീണ്ടുനിന്നുള്ളു. 1975 ജൂണ്‍ 12 ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സഹജീവികള്‍ പലരും അധികാരത്തിന്റെ ഗര്‍വിനുമുന്നില്‍ പഞ്ചപുച്ഛമടക്കി, വിനീതവിധേയരായപ്പോള്‍ ‘ജന്മഭൂമി’ ധര്‍മ്മത്തിന്റെ കാവലാളും പോരാളിയുമായി. അടിയന്തരാവസ്ഥയുടെ കരാള ഹസ്തം ‘ജന്മഭൂമി’ യുടെ കഴുത്ത് ഞെരിച്ചു. സായാഹ്നപത്രമായിരുന്നിട്ടുകൂടി, എതിരഭിപ്രായങ്ങളെ ഭയന്ന ഫാസിസ്റ്റ് ഭരണകൂടം ‘ജന്മഭൂമി’ യെ ഉരുക്കുമുഷ്ടി കൊണ്ട് അമര്‍ത്താന്‍ നോക്കി. 1975 ജൂലൈ 2 ന് പാതിരാത്രി കോഴിക്കോട് പാളയം റോഡിലെ ഓഫീസും പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയും സബ് എഡിറ്റര്‍ കക്കട്ടില്‍ രാമചന്ദ്രനും ജനറല്‍ മാനേജര്‍ പി.നാരായണനും താമസിച്ചിരുന്ന അലങ്കാര്‍ ലോഡ്ജിലെ മുറികളും റെയിഡ് ചെയ്തു. അവരെ അറസ്റ്റ് ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ യു. ദത്താത്രേയ റാവുവിനെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തു. അടിയന്തരാവസ്ഥയുടെ പേരില്‍ ഒരു പത്രത്തിന്റെ മുഴുവന്‍ ചുമതലക്കാരേയും ജയിലിലാക്കിയ ആദ്യ സംഭവം. ഉറങ്ങിക്കിടന്ന നെടുങ്ങാടിയെ കണ്ണട പോലും എടുക്കാന്‍ സമയം നല്‍കാതെയാണ് അറസ്റ്റു ചെയ്തത്. കൈകള്‍ പുറകില്‍ കെട്ടി, കണ്ണുകള്‍ തുണികൊണ്ട് മൂടിക്കെട്ടിയാണ് പോലീസ് നടത്തിക്കൊണ്ടുപോയത്. ‘കണ്ണു കെട്ടേണ്ട ആവശ്യമില്ല, കണ്ണട ധരിച്ചില്ലെങ്കില്‍ എനിക്ക് കണ്ണുകാണില്ല’ എന്ന് പോലീസുകാരനോട് പറഞ്ഞുകൊണ്ടാണ് നെടുങ്ങാടി ജീപ്പിലേ്ക്ക് കയറിയത്. കഴുത്തിനൊത്ത് കുരുക്ക് തയ്യാറാക്കുന്ന അടിയന്തരാവസ്ഥയുടെ കരാളവാഴ്ചയില്‍ ശിരസ്സ് ഉയര്‍ത്തി നടന്നുനീങ്ങിയ പി.വി.കെ. നെടുങ്ങാടി എന്ന തന്റേടത്തിലുണ്ട് ‘ജന്മഭൂമി’ യുടെ സത്യവും ശക്തിയും.
ഇച്ഛാശക്തി കൊണ്ട് ജനങ്ങള്‍, ഫാസിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞപ്പോള്‍ തടവറ ഭേദിച്ച് ‘ജന്മഭൂമി’ പുതിയ പുലരിത്തുടിപ്പുമായി ഉദയം കൊണ്ടു. 1977 നവംബര്‍ 14 ന് എറണാകുളത്തുനിന്ന് പ്രഭാതപത്രമായി പുനര്ജന്മം. ഇന്നോളം ധീരമായിരുന്നു പിന്നിട്ട കനല്‍പ്പാതകളില്‍ ‘ജന്മഭൂമി’ യുടെ ചുവടുകള്‍.
പിന്കുറിപ്പ്
വാര്‍ത്തയും പത്രാധിപരും മാത്രമല്ല, ഒരു വാക്കും ജന്മഭൂമി ചരിത്രമാക്കിയിട്ടുണ്ട്. രാജ്യം ചര്‍ച്ച ചെയ്ത ലൗ ജിഹാദ് എന്ന വാക്ക് ജന്മഭൂമിയുടെ സംഭാവനയാണ്. മുസ്ളീം തീവ്രവാദികള്‍ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രേമിച്ച് കല്ല്യാണം കഴിച്ച് മതംമാറ്റി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ആദ്യമായും തുടര്‍ച്ചയായും വാര്‍ത്ത നല്‍കിയത് ജന്മഭൂമി മാത്രമാണ്. അവസാനം മറ്റ് മാധ്യമങ്ങളും സര്‍ക്കാരും ലൗ ജിഹാദ് സത്യമെന്ന് പറയേണ്ട അവസ്ഥ വന്നു. കോടതി വ്യവഹാരങ്ങളിലും നിയമനിര്‍മാണ സഭകളിലും പൊതു ഇടങ്ങളിലും ആവര്‍ത്തിക്കുന്ന പദമായി ലൗ ജിഹാദ് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: