തൃശൂര്‍: കൊടകര കുഴല്‍പ്പണമായി ബന്ധപ്പെട്ടുയര്‍ന്ന പുതിയ വിവാദത്തില്‍ തന്റെ പേര് വലിച്ചിഴച്ചക്കരുതെന്ന് ശോഭാ സുരേന്ദ്രന്‍. കുഴല്‍പ്പണക്കേസ് വീണ്ടും വിവാദമാക്കിയ തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് ചില മാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ട്. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അവർ തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരള രാഷ്‌ട്രീയത്തില്‍ ശോഭ സുരേന്ദ്രന്‍ ഉണ്ടാകരുതെന്ന് ഒന്നാമതായി ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടാമതായി ആഗ്രഹിക്കുന്നത് ഗോകുലം ഗോപാലന്‍. മൂന്നാമതായി ആഗ്രഹിക്കുന്നത് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. നാലാമതായി ചില മാധ്യമപ്രവര്‍ത്തകരും. എന്റെ കൂടെ പാര്‍ട്ടി മാറാന്‍ ദല്‍ഹിവരെയെത്തിയ ആളാണ് ഇ. പി ജയരാജൻ.
ഞാന്‍ ഭയപ്പെടുമെന്നാണോ നിങ്ങള്‍ കരുതിയത്.? ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിവച്ച് കേരള രാഷ്‌ട്രീയത്തില്‍ നിന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് എന്നെ വീട്ടിലേയ്‌ക്ക് വിടാനാണ് ശ്രമമെങ്കില്‍ അങ്ങനെ ചെയ്യുന്നവരുടെ മുഖപടം ചീന്തിയെറിഞ്ഞ് കളയാനുള്ള ബന്ധങ്ങള്‍ എനിക്കുണ്ട് – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തിരൂര്‍ സതീശന്റെ വാട്‌സാപ് സന്ദേശങ്ങളും ഫോണ്‍കോളും എടുപ്പിക്കാന്‍ പിണറായി വിജയന്റെ കൂടെയുള്ള പോലീസുകാര്‍ക്ക് മാത്രമല്ല കഴിവുള്ളത്. അതു മനസ്സിലാക്കണം. നിങ്ങള്‍ക്കെന്നെ കൊല്ലാം, ഇല്ലാതാക്കാന്‍ കഴിയില്ല. എന്റെ പൊതുപ്രവര്‍ത്തനത്തെ അവസാനിപ്പിക്കാന്‍ ഇല്ലാത്ത ആരോപണം കൊണ്ട് സാധിക്കില്ല.
ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെ നാവുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ആളാണ് തിരൂര്‍ സതീശ്. സതീശനു കേരള ബാങ്കില്‍നിന്ന് ജപ്തി ഭീഷണി ഉണ്ടായിരുന്നു. കുറച്ചു തുക ലോണിലേക്ക് അടച്ചുവെന്ന് സതീശന്‍ പറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന സതീശനു ലോണടയ്‌ക്കാനുള്ള തുക എവിടെ നിന്നാണു ലഭിച്ചത്. സതീശന്റെ പിന്നില്‍ ആരാണെന്ന് അന്വേഷിക്കണം. പണത്തിന് വേണ്ടി പാര്‍ട്ടിയെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ച സതീശന് ചാക്കില്‍ കണ്ട പണം എടുക്കാമായിരുന്നു. അയാള്‍ എടുക്കാതിരുന്നത് അങ്ങനെയൊരു ചാക്കും പണവും ഇല്ലാത്തതുകൊണ്ടാണ്.”- ശോഭ പറഞ്ഞു.
തന്റെ ജീവിതം വച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ല. വെറുതെ ആരോപണം ഉന്നയിച്ച് തന്നെ വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ട. സതീശിന്റെ ഫോണ്‍ വിശദാംശങ്ങള്‍ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാലും കഴിയും. ആ രീതിയില്‍ ശ്രമിച്ചാല്‍ ആരാണ് സതീശിനു പിന്നിലെന്ന് മനസിലാകുമെന്നും അവര്‍ ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: