കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝായും തമ്മിൽ കൂടിക്കാഴ്ച നടത്തി. സുപ്രധാന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സ്യബന്ധന തർക്കങ്ങൾക്ക് വേണ്ട ദീർഘകാല പരിഹാരത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഇരു നേതാക്കളും സംവദിച്ചു.
കൂടാതെ ദ്വീപ് രാഷ്‌ട്രത്തിൽ ഇന്ത്യയുടെ സഹായത്തോടെയുള്ള പദ്ധതികളുടെ അവലോകനം നടത്തുകയും ചെയ്തു. പ്രധാനമായും ഊർജ്ജം, ഡിജിറ്റലൈസേഷൻ എന്നിവയിൽ സാധ്യമായ സഹകരണം ഉൾപ്പെടെ ഇന്ത്യ-ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മേഖലകളും ചർച്ച ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന മത്സ്യബന്ധന തർക്കങ്ങളെക്കുറിച്ച് ദിസനായകെയും ഝായും ചർച്ച ചെയ്യുകയും ഇരുവശത്തുമുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ മാനിക്കുന്ന ദീർഘകാല പ്രമേയത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ ഇന്ത്യയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രീലങ്കയുടെ പ്രതിബദ്ധതയെ പ്രസിഡൻ്റ് ദിസനായകെ ശരിവച്ചു.
ഉടൻ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് പ്രസിഡൻ്റ് ദിസനായകെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയത്. അതേ സമയം അദ്ദേഹത്തിന്റെ സന്ദർശന തീയതികൾ ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പ്രധാന തർക്കവിഷയമാണ്. അടിക്കടി പാക്ക് കടലിടുക്കിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ലങ്കൻ നാവിക ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ചുവെന്ന് ആരോപിച്ച് നിരവധി തവണ അവരുടെ ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയ്‌ക്ക് ഏറെ പ്രാധാന്യം കൽപിക്കുന്നു. തമിഴ്‌നാടിനെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന ഇടുങ്ങിയ ജലരേഖയായ പാക്ക് കടലിടുക്ക് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ സമ്പന്നമായ മത്സ്യബന്ധന കേന്ദ്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: