ന്യൂദൽഹി: ദൽഹിയിലെ മലിനീകരണത്തിൽ എഎപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. ദീപാവലി ആഘോഷത്തിൽ പൊട്ടിച്ച പടക്കങ്ങളെ പഴിചാരി എഎപി നേതാക്കൾ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ആരോപിച്ചു.
ദിപാവലി ആഘോഷം കഴിഞ്ഞ് ഒരു ദിവസം പൂർത്തിയായിട്ടും തലസ്ഥാനത്തെ വായുനിലവാരത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഒക്‌ടോബർ 31നകം നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കുന്നതിൽ ആം ആദ്മി പാർട്ടിയും അതിന്റെ തലവൻ അരവിന്ദ് കെജ്‌രിവാളും പരാജയപ്പെട്ടതാണ് ദൽഹിയുടെ വായുനിലവാരത്തെ ബാധിച്ചതെന്ന് ബിജെപി നേതാവ് കുറ്റപ്പെടുത്തി.
നേരത്തെ 2022ലും 2023ലും ദീപാവലിക്ക് ശേഷം രാവിലെ രേഖപ്പെടുത്തിയ വായു മലിനീകരണ തോത് തലേദിവസത്തേക്കാൾ കുറവായിരുന്നുവെന്ന് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. ദൽഹിയിലെ തകർന്ന റോഡുകളിൽ നിന്നുള്ള പൊടിപടലങ്ങളും വാഹനങ്ങളുടെ പുറന്തള്ളലും ഒരു രാത്രിയിൽ പടക്കം പൊട്ടിക്കുന്നതിനേക്കാൾ വലിയ ആഘാതമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ച് അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് പറയുന്ന കെജ്‌രിവാളും ദൽഹി മുഖ്യമന്ത്രി അതിഷിയും പരിസ്ഥിതി മന്ത്രി ഗോപാൽ റായിയും സനാതൻ പാരമ്പര്യത്തെയും ഹൈന്ദവ വികാരങ്ങളെയും അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ യഥാർത്ഥ നിജസ്ഥിതി അവർ അംഗീകരിക്കുകയും ഹിന്ദു സമൂഹത്തോട് മാപ്പ് പറയുകയും വേണമെന്നും സച്ച്‌ദേവ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: