ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് യുപി സ്വദേശികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം സെൻട്രൽ കശ്മീരിലെ മഗാമിലെ മഴമ മേഖലയിലാണ് ആക്രമണം നടന്നത്.
സുഫിയാൻ , ഉസ്മാൻ എന്നിവർക്കാണ് വെടിവയ്‌പിൽ പരിക്കേറ്റത്. വെടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
അതേ സമയം മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ രൂപീകരിച്ചതിന് ശേഷം കശ്മീരിൽ ഭീകരർ നടത്തുന്ന അഞ്ചാമത്തെ ആക്രമണമാണിത്. നേരത്തെ ഒക്‌ടോബർ 18ന് ഷോപിയാൻ ജില്ലയിൽ ബിഹാറിൽ നിന്നുള്ള ഒരു തൊഴിലാളി ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു.
തുടർന്ന് ഒക്‌ടോബർ 20 ന് ഗന്ദർബാലിലെ ഗഗൻഗീർ പ്രദേശത്തെ ഒരു ടണൽ നിർമ്മാണ സ്ഥലത്ത് ഒരു പ്രാദേശിക ഡോക്ടറെയും ആറ് പ്രാദേശിക തൊഴിലാളികളെയും ഭീകരർ വെടിവെച്ചുകൊന്നിരുന്നു. ഇതിനു പുറമെ ഒക്ടോബർ 24ന് വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ നിന്ന് ആറ് കിലോമീറ്റർ അകലെ സൈനിക വാഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് സൈനികരും രണ്ട് സൈനിക പോർട്ടറും കൊല്ലപ്പെടുകയും മറ്റൊരു പോർട്ടർക്കും ഒരു സൈനികനും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ
കഴിഞ്ഞ ദിവസം പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിൽ ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളിയായ ശുഭം കുമാറിന് നേരെയും ഭീകരർ വെടിയുതിർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: