തിരുവനന്തപുരം: കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ 600 ഓളം വരുന്ന കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും മുനമ്പം നിവാസികള്‍ക്ക് റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടും മുനമ്പം നിവാസികളുടെ ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും. രാവിലെ 11ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും.
മുനമ്പത്ത് ഒരു മതത്തിനോ ജാതിക്കോ എതിരെയുള്ള പോരാട്ടമല്ല നടക്കുന്നതെന്ന് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് പറഞ്ഞു. 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന ഭീഷണിക്കെതിരായ വലിയ പോരാട്ടമാണിത്. ഇവിടുത്തെ സാധാരണ മത്സ്യത്തൊഴിലാളികളുടെ സ്വത്തിനും ജീവനും സംരക്ഷണം ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. വില നല്കി തീറെഴുതി അവര്‍ വാങ്ങിയ ഭൂമിയും വീടും വഖഫിന്റെയാണെന്നാണ് അവകാശവാദം. വിവാഹം, മക്കളുടെ വിദ്യാഭ്യാസം, വീട് നിര്‍മാണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഭൂമി വില്‍ക്കാനോ, പണയപ്പെടുത്താനോ കഴിയുന്നില്ല. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളും ദുരിതം വര്‍ധിപ്പിച്ചിട്ടുണ്ട്.
2022 മുതല്‍ അവിടുത്തെ സാധാരണക്കാര്‍ക്ക് കരമടയ്ക്കാന്‍ സാധിക്കുന്നില്ല. പണം നല്കി വാങ്ങിയ ഭൂമിയാണിത്. പരാതി പറയണമെങ്കില്‍ അതും വഖഫ് ട്രൈബ്യൂണലിനോടാണ് പറയേണ്ടത്. വാദിയും ജഡ്ജിയും ഒരാള്‍ തന്നെയാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് ജിജി ജോസഫ് പറഞ്ഞു.
സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുന്ന മുനമ്പത്തെ ജനങ്ങളുടെ കണ്ണീരിന് സര്‍ക്കാര്‍ പുല്ലുവില കല്പിച്ചത് നിര്‍ഭാഗ്യകരമാണ്. ഇത് മുനമ്പത്ത് മാത്രം നടക്കുന്ന ഒരു ചെറിയ പ്രശ്നമാണെന്ന രീതിയില്‍ വിഷയത്തെ വിലകുറച്ച് കാണാന്‍ ശ്രമിക്കുകയാണ് കേരള സര്‍ക്കാര്‍. വഖഫ് നിയമത്തില്‍ 1995ലും 2013ലും വരുത്തിയ ഭേദഗതികളിലൂടെ അനിയന്ത്രിതമായ അധികാരങ്ങളാണ് വഖഫ് ബോര്‍ഡിന് നല്‍കിയത്. ഒരു സ്ഥലം വഖഫ് ഭൂമിയാണെന്ന് പറഞ്ഞാല്‍ ആ സ്ഥലം വഖഫ് ഭൂമിയാകും. പിന്നീട് ആ ഭൂമി തങ്ങളുടെതാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഉടമയുടേതാണ്. അതും കോടതികള്‍ക്ക് പകരം വഖഫ് ട്രൈബ്യൂണലിലെത്തി രേഖകള്‍ ഹാജരാക്കി ബോധ്യപ്പെടുത്തണം. ഭരണഘടനയ്ക്ക് മുകളില്‍ നില്ക്കുന്ന ഈ അധികാരം ജനാധിപത്യ രാജ്യത്ത് അനുവദിക്കാന്‍ കഴിയില്ല. പകലന്തിയോളം മതേതരത്വവും മതനിരപേക്ഷതയും പ്രസംഗിക്കുന്നവര്‍ മതമൗലികവാദത്തിന്റെയും അവരുടെ വോട്ടുബാങ്കിന്റെയും അടിമത്വത്തിലേയ്ക്ക് വീഴുന്നുവെന്നതിന്റെ ഏറ്റവും ഹീനമായ ഉദാഹരണമാണ് കേരളത്തിലെ നിയമസഭാ സാമാജികരുടെ വഖഫ് പ്രമേയത്തിനു പിന്തുണ നല്കിയ നടപടിയെന്നും ജിജി ജോസഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: