പാലക്കാട്: തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയർത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിക്കുമെന്ന് മനസ്സിലായപ്പോഴാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി രണ്ടുപാർട്ടികളും വരുന്നതെന്ന് അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഇവർ പണം കൊടുത്ത് ആളെയും ഏർപ്പാടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാജ ആരോപണങ്ങള്‍കൊണ്ട് ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയാൻ കഴിയില്ല. ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയർത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്‌ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതുതന്നെ പാലക്കാടും ആവർത്തിക്കും- അദ്ദേഹം പറഞ്ഞു.മുനയൊടിഞ്ഞ് തേഞ്ഞൊട്ടിയ ആയുധമാണ് കൊടകര വിഷയം.
വ്യാജ ഐ.ഡി. കാർഡ്, വ്യാജ ആരോപണങ്ങള്‍ എന്നുള്‍പ്പെടെ യു.ഡി.എഫ്. സ്ഥാനാർഥി വ്യാജനാണ്. തോല്‍ക്കാൻ പോകുമ്പോഴുള്ള പരിഭ്രാന്തിയാണ് അവർക്ക്. ബെംഗളൂരുവിലുള്ള ഏജൻസിയാണ് വ്യാജ ഐ.ഡി. കാർഡിനുള്ള സഹായം ചെയ്തത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് ഒത്തു തീർപ്പാക്കിയത് മുഹമ്മദ് റിയാസും ഷാഫി പറമ്പിലും തലശ്ശേരിയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ്. ഒരു മാഫിയ സംഘം കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ വകവെക്കാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സമയത്ത് ആവശ്യമില്ലാതെ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അത് ശ്രദ്ധിക്കാൻ സമയമില്ല. ഇതുവരെയും ഒരു അന്വേഷണത്തെയും തടസപ്പെടുത്തിയിട്ടില്ല, നെഞ്ചുവേദന അഭിനയിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു വ്യക്തിയുടെ പേരില്‍ അദ്ദേഹം കൊണ്ടുപോയ പണം കവർച്ച നടത്തി. പോലീസ് അന്വേഷിച്ചു. താൻ കൊണ്ടുപോയ പണമാണെന്ന് അദ്ദേഹം കോടതിയില്‍ സമ്മതിക്കുകയും, പണം തിരുച്ചുവേണമെന്നാവശ്യപ്പെട്ട് സ്രോതസ്സ് വ്യക്തമാക്കുകയും ചെയ്തതാണ്. ബാക്കിയുള്ളതൊക്കെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കഥകളാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: