തൃശൂര്‍: കൊടകര കുഴല്‍പ്പണ ആരോപണത്തില്‍ മറുപടിയുമായി ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. കെ.കെ അനീഷ്‌കുമാര്‍. സിപിഎം വിലയ്‌ക്കെടുത്തയാളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്ന സതീഷെന്നും ഇക്കാര്യത്തില്‍ ഏതുതരത്തിലുള്ള അന്വേഷണവും നേരിടാന്‍ ബിജെപി നേതാക്കള്‍ തയ്യാറാണെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. ആരോപണം ഉന്നയിച്ച സതീഷ് യാതൊരു വിശ്വാസ്യതയും നിലവാരവുമില്ലാത്ത വ്യക്തിയാണ്. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്നാണ് അയാളെ ബിജെപിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നും കെ.കെ അനീഷ്‌കുമാര്‍ അറിയിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, ഏതെങ്കിലും സമയത്ത് കെ. സുരേന്ദ്രന്‍ തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ടോയെന്ന് നിങ്ങള്‍ക്ക് അന്വേഷിക്കാം. പോലീസ് അന്വേഷിക്കട്ടെ, പരിശോധിക്കട്ടെ. ഇപ്പോള്‍ വരുന്ന ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. സതീഷിനെ സിപിഎം വിലയ്‌ക്കെടുത്തതിന്റെ ഭാഗമായാണ് ഇപ്പോള്‍ വരുന്ന ആരോപണങ്ങള്‍. ബിജെപിയുടെ വിജയസാധ്യത തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ബോധപൂര്‍വം കെട്ടിച്ചമച്ച കഥയാണിത്.
ഏത് തെരഞ്ഞെടുപ്പ് വരുമ്പോഴും കൊടകര കുഴല്‍പ്പണ ആരോപണം ഉന്നയിച്ചുകൊണ്ടേയിരിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും ഇതുണ്ടായിരുന്നു. എല്ലാ വോട്ടെടുപ്പ് ഘട്ടങ്ങളിലും ആരെങ്കിലുമൊക്കെ കൊടകര വിഷയം പൊക്കിക്കൊണ്ടുവരും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സതീഷ് ഇത്രയും കാലം എന്തുകൊണ്ട് ഈ ആരോപണം ഉന്നയിച്ചില്ല? യാതൊരു ക്രെഡിബിലിറ്റിയുമില്ലാത്ത സതീഷിനെ പോലെയൊരാള്‍ പറയുന്ന ആരോപണങ്ങള്‍ക്ക് യാതൊരു വിലയും ബിജെപി കല്‍പ്പിക്കുന്നില്ല.
സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് സതീഷ്. ഒരുനിലയ്‌ക്കും പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കാന്‍ പറ്റാത്ത പ്രവൃത്തികള്‍ കൈവശമുള്ളയാളാണ്. ഇയാളെക്കുറിച്ച് തൃശൂരിലെ ആരോട് വേണമെങ്കിലും അന്വേഷിക്കാം. സതീശനെ അറിയുന്ന ആരോടും അയാളെക്കുറിച്ച് ചോദിക്കാം. എന്തുകൊണ്ട് സതീഷിനെ ബിജെപിയില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് അപ്പോള്‍ ബോധ്യമാകും. കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ ആരോപണം ഉന്നയിച്ചയാള്‍ക്ക് എന്ത് ക്രെഡിബിലിറ്റിയാണുള്ളതെന്ന് അറിയാന്‍ കഴിയുമെന്നും അനീഷ്‌കുമാര്‍ പറഞ്ഞു.
സിപിഎമ്മാണ് എല്ലാ സമയത്തും കൊടകര വിഷയം ആരെയെങ്കിലുമൊക്കെ ഉപയോഗിച്ച് കുത്തിപ്പൊക്കി കൊണ്ടുവരുന്നതെന്നും അനീഷ്‌കുമാര്‍ പറഞ്ഞു. കഴിഞ്ഞ എല്ലാ സംഭവങ്ങളിലും വ്യക്തമായിട്ട് അറിയാം. ഒരു സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വരെ വെച്ചു. അഞ്ചു പോലീസുകാരെ വെച്ച് എത്രയോ കാലം അന്വേഷിച്ചു. ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല.തെളിവുണ്ടെങ്കിലല്ലേ പ്രതിചേര്‍ക്കാന്‍ കഴിയൂ. എന്തുകൊണ്ട് ഞങ്ങളെ പ്രതിചേര്‍ക്കാന്‍ കഴിഞ്ഞില്ല. പിണറായി വിജയനല്ലേ കേരളം ഭരിക്കുന്നത്. അവരുടെ പോലീസ് അല്ലേ അന്വേഷിച്ചത്. അതില്‍ ഒരു കഴമ്പുമില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു.
പക്ഷേ ഓരോ തിരഞ്ഞെടുപ്പു വരുന്ന സമയത്തും അവര്‍ ഇത് ഉന്നയിച്ചുകൊണ്ടിരിക്കും. കാരണം മുന്നൂറുകോടി രൂപ കരുവന്നൂര്‍ ബാങ്കില്‍നിന്ന് തട്ടിച്ചെടുത്ത് നേതാക്കന്മാര്‍ തിന്നിട്ടുണ്ട്. ഒരു കൗണ്‍സിലര്‍ ഇപ്പോഴും ജയിലില്‍ കിടക്കുകയാണ്. അതൊന്നും ചര്‍ച്ച ചെയ്യപ്പെടാന്‍ പാടില്ല തെരഞ്ഞെടുപ്പില്‍.
പി.പി. ദിവ്യയും കരുവന്നൂരും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് ഇതെന്നും അനീഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക