ദുബായ്: ഇന്നലെ അവസാനിക്കേണ്ടിയിരുന്ന യുഎഇ പൊതുമാപ്പിന്റെ കാലാവധി ഡിസംബര്‍ വരെ നീട്ടി. അനധികൃത താമസക്കാര്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കുമെന്ന് യുഎഇ ഭരണകൂടം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അനധികൃത താമസക്കാര്‍ക്ക് ജോലി നല്കുന്ന തൊഴിലുടമകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താനായിരുന്നു തീരുമാനം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു പിന്നാലെ യുഎഇ ഭരണകൂടം കാലാവധി രണ്ടു മാസം കൂടി നീട്ടാന്‍ തീരുമാനമെടുക്കുകയായിരുന്നു.
അനധികൃത താമസക്കാര്‍ക്ക് നിയമനടപടികളില്ലാതെ രാജ്യം വിടാന്‍ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയാണ് വീണ്ടും നീട്ടിയത്. സപ്തംബര്‍ ഒന്നിനായിരുന്നു രണ്ടുമാസത്തെ കാലാവധിയില്‍ രാജ്യത്ത് പൊതുമാപ്പിന് തുടക്കമായത്. ഇതിനകം ആനുകൂല്യം ഉപയോഗിച്ച് മലയാളികളടക്കം ആയിരക്കണക്കിന് ആളുകളാണ് രാജ്യംവിട്ടത്. നിയമാനുസൃതം തിരിച്ചെത്തി ജോലിയിലോ പുതിയ സംരംഭത്തിലോ ഏര്‍പ്പെടാനായി തയാറെടുക്കുന്നവരും ഒട്ടേറെയാണ്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി), ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സുമായി (ജിഡിആര്‍എഫ്എ) ഏകോപിപ്പിച്ച് കഴിഞ്ഞദിവസം വിവിധ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധനയ്ക്ക് തുടക്കമിട്ടിരുന്നു.
യുഎഇയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി ഭാരത അസോസിയേഷനുകളില്‍ സ്ഥാപിച്ച ഹെല്പ് ഡെസ്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും അനധികൃത താമസക്കാര്‍ക്ക് തിരിച്ചുപോകാനും രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താനും സഹായിക്കാനും നടപടി തുടങ്ങിയിരുന്നു. ഭാരത കോണ്‍സുലേറ്റും ആയിരക്കണക്കിന് ഭാരതീയരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാനായത്. കഴിഞ്ഞ ദിവസങ്ങളില്‍ എമിറേറ്റുകളിലെ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ തിരക്കായിരുന്നു. പിഴകൂടാതെ ട്രേഡ് ലൈസന്‍സ്, ഇമിഗ്രേഷന്‍ കാര്‍ഡ്, ലേബര്‍ കാര്‍ഡ് തുടങ്ങിയവ റദ്ദാക്കാന്‍ ഷാര്‍ജയിലെ വിവിധ തഹ്സീല്‍ കേന്ദ്രങ്ങളിലും വന്‍ തിരക്കനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: