പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജ്ജം പകര്‍ന്ന് പി.ടി. ഉഷ എംപിയും. കൃഷ്ണകുമാറിന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് പി.ടി. ഉഷ എംപി വിവിധ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു.
തനിക്ക് പാലക്കാടുമായി അടുത്ത ബന്ധമാണുള്ളതെന്നും ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച നാടാണെന്നും പി.ടി. ഉഷ പറഞ്ഞു. പയ്യോളിക്കാരിയായ താന്‍ 1980ലാണ് പാലക്കാട് മേഴ്സികോളജില് പഠനത്തിനായി എത്തുന്നത്. 82ല്‍ റെയില്‍വേയില്‍ ജോലി ആരംഭിച്ചത് ഒലവക്കോട് നിന്നാണ്. ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതും പാലക്കാട് നിന്നാണ്. കൃഷ്ണകുമാര്‍ സഹോദരനെ പോലെയാണ്. മുനിസിപ്പല്‍ ഭരണത്തില്‍ ഉള്‍പ്പെടെ കഴിവ് തെളിയിച്ച വ്യക്തിയാണ് കൃഷ്ണകുമാര്‍. കഴിവുള്ളവരെ വേണം തെരഞ്ഞെടുക്കാനെന്നും കുടുംബയോഗങ്ങളില്‍ പങ്കെടുത്ത പി.ടി. ഉഷ പറഞ്ഞു.
സാധാരണക്കാര്‍ക്ക് സഹായകരമായ ഒരുപാട് പദ്ധതികള്‍ ഉണ്ട്. അത്തരം പദ്ധതികള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് കൃഷ്ണകുമാറിനെ പോലെയുള്ള സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം. കോഴിക്കോട് ദത്തെടുത്ത പോലെ പാലക്കാടും ഒരു ഗ്രാമം ദത്തെടുക്കാന്‍ ആഗ്രഹമുണ്ടെന്നും പി.ടി. ഉഷ പറഞ്ഞു. വടക്കന്തറ അമൃത് നഗര്‍ കോളനി, വടക്കന്തറ ബാപ്പുജി മണ്ഡലം, മുരുഗണി, മണല്‍മന്ത രാമചന്ദ്രന് കോളനി, പിരായിരി കുണ്ടുകാട്, ഏറങ്ങാട് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും പി.ടി. ഉഷ പങ്കെടുത്തു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനൊപ്പം ലോങ്ജമ്പ് താരം ശ്രീശങ്കറിന്റെ വീടും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: