കൊച്ചി: വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകര്‍ഷിച്ച സുവിശേഷക്കാരിലെ സ്വര്ണനാവുകാരനായിരുന്നു ഇന്നലെ അന്തരിച്ച യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ. ശ്രേഷ്ഠജീവിതത്തിന്റെ ചൈതന്യം ബാക്കിയാക്കിയാണ് അദ്ദേഹം ഓര്‍മ്മയിലേക്ക് മറയുന്നത്. തെരുവിലിറങ്ങി സഭയ്ക്ക് വേണ്ടി സമരം നടത്തിയതിന് 600ലധികം കേസുകള്‍ വന്നിട്ടും പിന്നോട്ടില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ച നേതാവ് കൂടിയായിരുന്നു തോമസ് പ്രഥമന്‍ കാതോലിക്ക ബാവ.
പ്രതിസന്ധികള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും പ്രായോഗിക ബുദ്ധിയോടെ യാക്കോബായ സഭയെ വളര്‍ത്തിയെടുത്ത സഭാനേതാവായിരുന്നു കാതോലിക്ക ബാവ. ഇല്ലായ്മകളില്‍ നിന്ന് തുടങ്ങി ആത്മീയതയുടെ അത്യുന്നത പദവിയിലെത്തിയാണ് അദ്ദേഹം കാലം ചെയ്തത്. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രി മുതല്‍ പുത്തന്‍കുരിശിലെ പാത്രിയാര്‍ക്ക സെന്ററും അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയ്ക്ക് മുതല്‍ക്കൂട്ടായത് അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണവും സംഘാടനാ പാടവവും കൊണ്ടാണ്.
പ്രതിസന്ധി ഘട്ടത്തില്‍ യാക്കോബായ സഭയെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നായകനെന്ന പരിവേഷമാണ് അദ്ദേഹത്തിന്. സഭാതര്‍ക്കത്തിന്റെ കാറ്റുംകോളും നിറഞ്ഞ കാലഘട്ടത്തില്‍ സഭയെ നയിക്കാന്‍ ലഭിച്ച അവസരത്തെ ദൈവ നിയോഗമെന്നാണ് എപ്പോഴും ബാവ അനുസ്മരിച്ചത്. അനുഭവ സമ്പത്തിലും സഭാ വിശ്വാസികളുടെ പിന്തുണയിലും യാക്കോബായ വിഭാഗത്തെ പതിറ്റാണ്ടുകളോളം നയിക്കാന്‍ തോമസ് പ്രഥമന്‍ ബാവയ്ക്ക് കഴിഞ്ഞു. വ്യക്തിപരമായ നന്മകള് സമൂഹത്തിന് വഴികാട്ടിയാകണമെന്ന് എന്നും പറഞ്ഞിരുന്ന ബാവയുടെ ജീവിതം കാണിച്ചുതരുന്നതും അതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: