കൊല്ലം: ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോള്‍ ടീം പരിശീലകനും ഭാരത ഫുട്‌ബോള്‍ മുന്‍ താരവുമായ കൊല്ലം ആശ്രാമം റോയല്‍ നഗര്‍ ധന്യം വീട്ടില്‍ കെ.കെ. ഗോപാലകൃഷ്ണന്‍(85) അന്തരിച്ചു. സംസ്‌കാരം നാളെ. 1973ല്‍ കേരളം സന്തോഷ് ട്രോഫി കിരീടം നേടുന്നതില്‍ പ്രധാന പങ്കുവഹിച്ചത് പരിശീലകനായിരുന്ന ഗോപാലകൃഷ്ണനായിരുന്നു.
1970നോടടുത്താണ് പരിശീലക വേഷത്തിലേക്ക് മാറിയത്. അതിന് മുന്‍വര്‍ഷം വരെ ദേശീയ ടീമിലുണ്ടായിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതലേ ഫുട്‌ബോളില്‍ ആകൃഷ്ടനായ ഗോപാലകൃഷ്ണന്‍ വളര്‍ന്നുവന്നപ്പോള്‍ താരമായി തിളങ്ങി. പ്രാദേശിയ ടീമില്‍ കളിച്ച് പുരോഗമിച്ച് 1962ല്‍ കേരള ടീമില്‍ ഇടംപിടിച്ചു. 1965ല്‍ കേരള ടീം നായകനായി. പിന്നീട് ദേശീയ ടീമിലെത്തി. 1968ല്‍ ഏഷ്യന്‍ കപ്പില്‍ ഭാരത ജേഴ്‌സി അണിഞ്ഞു. അതേ വര്‍ഷം കോഴിക്കോട് നടന്ന ഭാരതം-ബര്‍മാ മത്സരത്തിലും കളിച്ചു.
പിന്നീട് പരിശീലകനായി മാറി ഗോപാലകൃഷ്ണന്‍ 1970ലും കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിനെ പരിശീലിപ്പിച്ചു. ഇതുകൂടാതെ വിവിധ ടീമുകള്‍ക്കുവേണ്ടിയും പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: