പാലക്കാട്: പാലക്കാടിന്റെ വികസനസ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. നാടിന്റെ വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞുള്ള ആവേശോജ്ജ്വല സ്വീകരണമാണ് സി. കൃഷ്ണകുമാറിന് നാട്ടുകാര്‍ ഒരുക്കിയത്. വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.
ഇന്നലെ വൈകിട്ട് തുറന്ന വാഹനത്തില്‍ ആലംകോട് നിന്ന് ആരംഭിച്ച റോഡ് ഷോയ്‌ക്ക് നൂറുകണക്കിനാളുകള്‍ പിന്തുണയുമായെത്തി. എന്‍ഡിഎ സര്‍ക്കാര്‍ മാത്രമാണ് പാലക്കാടിന്റെ വികസനത്തിനായി വിവിധ പദ്ധതികള്‍ അനുവദിച്ചതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
ഒ. രാജഗോപാല്‍ റെയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ അനുവദിച്ച ചുണ്ണാമ്പുത്തറ മേല്‍പ്പാലം, ബിഒസി റോഡ് മേല്‍പ്പാലം, കടുക്കാംകുന്നം മേല്‍പ്പാലം മുതല്‍ പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിക്കായി 3806 കോടി രൂപ അനുവദിച്ചത് വരെ ഇതിനു തെളിവാണ്. എന്നാല്‍, ടൗണ്‍ ഹാള്‍ പൊളിച്ചിടുകയാണ് യുഡിഎഫ് ചെയ്തത്. മുന്‍ എംഎല്‍എ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിനെ അഴിമതിയുടെയും അനധികൃത നിയമനങ്ങളുടെയും കേന്ദ്രമാക്കി മാറ്റി.
ജനങ്ങളുടെ മേല്‍ ഉപതെരഞ്ഞെടുപ്പുകള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. പാലക്കാടിന് വേണ്ടി നിയമസഭയില്‍ സംസാരിക്കാന്‍ ആളില്ലാത്ത അവസ്ഥയിലേക്ക് മാറ്റിയ എംഎല്‍എ ജനങ്ങളുടെ വിശ്വാസമാണ് തകര്‍ത്തത്. പാലക്കാടിന്റെ വികസനത്തിനായി മെട്രോമാന്‍ ഇ. ശ്രീധരന്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പരിഗണിക്കാന്‍ പോലും എംഎല്‍എ തയ്യാറായില്ലെന്നും സ്വീകരണ പൊതുയോഗത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞു. എന്നാല്‍, എന്‍ഡിഎ വിജയിച്ചാല്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുമെന്ന് കൃഷ്ണകുമാര്‍ ഉറപ്പു നല്‍കി.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, വാര്‍ഡ് കൗണ്‍സിലര്‍ ദീപാ മണികണ്ഠന്‍, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി എ. ഗംഗാധരന്‍, ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റ് കെ. ബാബു വെണ്ണക്കര, നേതാക്കളായ അഡ്വ. ഷൈജു, ലിജിന്‍ ലാല്‍ സംസാരിച്ചു.
തുടര്‍ന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ മുത്തുപട്ടണം, കുന്നുംപുറം വഴി സുന്ദരം കോളനിയിലെത്തിയ സ്ഥാനാര്‍ഥിയെ കുട്ടികളും വീട്ടമ്മമാരും ചേര്‍ന്ന് വരവേറ്റു. തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവര്‍ സ്ഥാനാര്‍ഥിയോടു വിവരിച്ചു. പിന്നീട് മധുരവീരന്‍ കോളനി, പേച്ചിയമ്മന്‍ നഗര്‍, ചാത്തപുരം, അവിഞ്ഞിപ്പാടം, മന്തക്കര, തോണിപാളയം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ റോഡ്ഷോയ്‌ക്ക് സ്വീകരണം നല്‍കി.
പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി ഗ്രാമത്തില്‍ നിന്നാണ് ഇന്നലെ രാവിലെ സ്ഥാനാര്‍ഥി പര്യടനം തുടങ്ങിയത്. ഗ്രാമത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ അനുഗ്രഹം തേടിയ ശേഷം പുതുക്കുഴി, കരമ്പക്കാട് എന്നിവിടങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. ആദ്യകാല നേതാവ് ജി. രാമചന്ദ്രന്റെ വീടും സന്ദര്‍ശിച്ചു. പിന്നീട്, കറമ്പക്കാട്, കുണ്ടുകാട് മേഖലയിലും ഭവനസന്ദര്‍ശനം നടത്തി.
തുടര്‍ന്ന് നഗരസഭയിലെ താരേക്കാട് നടന്ന കുടുംബ സംഗമത്തിലും പങ്കെടുത്തു. ദേശീയ സമിതിയംഗം എന്‍. ശിവരാജന്‍, പിരായിരി മണ്ഡലം പ്രസി. കെ. വിജേഷ് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സപ്ലൈകോ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും കൃഷ്ണകുമാര്‍ പങ്കെടുത്തു. നെല്ല് സംഭരണത്തിന് ശാശ്വത പരിഹാരം വേണമെന്ന പാലക്കാട്ടെ കര്‍ഷകരുടെ നിരന്തരമായുള്ള ആവശ്യം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: