തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഷൂട്ടിങ്,ചെസ്സ് മത്സരങ്ങള്‍ നേരത്തെ നടത്തിയത് വിജയികള്‍ക്ക് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കേരള സ്കൂള്‍ കായികമേള കൊച്ചി ’24 ന്റെ ഔദ്യോഗിക തുടക്കം നവംബര്‍ 4-ന് തന്നെയെന്നും മന്ത്രി വ്യക്തമാക്കി.
മികവ് പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കുന്ന രീതിയിലാണ് സംസ്ഥാനതല മത്സരങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. കായിക മേഖലയില്‍ മികവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് യാതൊരു കാരണവശാലും അവരുടെ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടാന്‍ പാടില്ല.
32-ാമത് ജിവി മാവിലങ്കര് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ദേശീയ മത്സരം നവംബര്‍ 3 മുതല്‍ 9 വരെയും 49-ാമത് സബ്ജൂനിയര് ചെസ് നാഷണല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പും 40-ാമത് സബ്ജൂനിയര് ഗേള്‍സ് ചാമ്പ്യന്‍ഷിപ്പും നവംബര്‍ 3 മുതല്‍ 11 വരെയും നടക്കുകയാണ്. ഈ മത്സരങ്ങളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കേണ്ടതുണ്ട്. സപ്തംബറിലാണ് സ്കൂള്‍ കായിക മേള ഷെഡ്യൂള്‍ തയ്യാറാക്കിയത്. ദേശീയ മത്സരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനനുസരിച്ച് സംസ്ഥാന കായിക മേളയുടെ ഷെഡ്യൂളില്‍ മാറ്റം വരുന്നത് സ്വാഭാവികമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: