കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ദുരന്തം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കവെ, ദുരന്ത വര്‍ഗ്ഗീകരണത്തിന് ഉന്നതതല സമിതിയെ നിയമിക്കുമെന്ന് ജസ്റ്റിസ് എ. കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന് അറിയിച്ചു. രണ്ടാഴ്ചയ്ക്കകം ഉരുള്‍പൊട്ടല്‍ പരിഗണിക്കാന്‍ യോഗം ചേരും.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയില്‍ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലന്ന വാര്‍ത്തകളുടെ കാരണമെന്താണെന്നു സംസ്ഥാന സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ഹര്‍ജി നവംബര്‍ 15ന് വീണ്ടും പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: