മോസ്കോ: യുക്രെയ്‌നുമായുള്ള സംഘർഷം കനക്കുന്നതിനിടെ ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ. പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. നിരവധി തവണ പരീക്ഷണം നടത്തിയതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിലെ വർധിച്ചുവരുന്ന ഭീഷണികൾ മൂലവും, പുതിയ ശത്രുക്കളും മറ്റും വർധിച്ചുവരുന്ന സാഹചര്യത്തിലും, റഷ്യ എല്ലാത്തിനും തയ്യാറായി നിൽക്കേണ്ടത് അത്യാവശ്യമാണെന്ന് മിസൈൽ പരീക്ഷണത്തിന് ശേഷം പുടിൻ പറഞ്ഞത്.
കര, കടൽ, ആകാശ മാർഗങ്ങളിലൂടെയാണ് റഷ്യ മിസൈലുകൾ പരീക്ഷിച്ചത്.രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായിരുന്നു ഈ പരീക്ഷണം നടന്നത്. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് പുടിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യ ആണവായുധ പരീക്ഷണം നടത്തി എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ‘ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടം’ എന്നാണ് മോസ്കോയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ പുടിൻ നേരത്തെ തന്നെ നൽകിയിരുന്നതായി എ.എഫ്.പി അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യയിൽ ഏതെങ്കിലും രാജ്യത്തിൽ നിന്ന് വൻതോതിലുള്ള വ്യോമാക്രമണം ഉണ്ടായാൽ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പ്രസിഡന്റ് വ്ളാദിമിർ പുടിൻ പറഞ്ഞിരുന്നു. ആണവ പ്രതിരോധം സംബന്ധിച്ച റഷ്യയുടെ സുരക്ഷാ കൗൺസിൽ യോഗത്തിലായിരുന്നു പുടിന്റെ പരാമർശം.
ദീർഘദൂര പാശ്ചാത്യ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിൽ ആഴത്തിൽലുള്ള ആക്രമണം നടത്താൻ അനുമതി നൽകണമെന്ന് യുക്രൈൻ അമേരിക്കയോട് അഭ്യർത്ഥിച്ചിരുന്നു. നാറ്റോ സഖ്യം ദീർഘദൂര ക്രൂസ് മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈനൊപ്പം ഒരുങ്ങുന്നുവെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. ആണവായുധം ഉപയോഗിക്കുക എന്നത് അസാധാരണമായ ഒന്നാണ്, എന്നിരുന്നാലും അവ തയ്യാറാക്കി വെക്കേണ്ടതുണ്ടെന്ന് പുടിൻ പറഞ്ഞു. തങ്ങൾ പുതിയൊരു ആയുധ മത്സരത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: