തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരുടെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് ഗൂഢലക്ഷ്യത്തോടെയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ വെളിപ്പെടുത്തല്‍.
തുലാമാസപൂജ സമയത്തെ തിരക്കും ദുരിതവും മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം 80,000 ആയി ചുരുക്കിയതുകൊണ്ടാണെന്നും പറയുന്നുണ്ട്. ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ദീപാലങ്കാരങ്ങള്‍ വീക്ഷിക്കുന്നതിനിടയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രസിഡന്റിന്റെ പി.എ. ബിനു, എംപ്ലോയീസ് ഫെഡറഷന് നേതാവ് കെ.ആര്. രഞ്ജിത്ത് എന്നിവരോടാണ് പ്രശാന്ത് സംസാരിക്കുന്നത്.
”നമ്മള് എന്ത് ചെയ്താലും നെഗറ്റീവ് ന്യൂസായി വരും. നെഗറ്റീവ് ന്യൂസാണ് നമുക്കുള്ള പബ്ലിസിറ്റി. ഇപ്രാവശ്യം വെര്‍ച്വല്‍ ക്യൂ ഗംഭീരമാകുമെന്ന് പ്രശാന്ത് പറയുമ്പോള്‍, ഇതിനുള്ള തെളിവാണ് തുലാമാസ പൂജയ്ക്കുള്ള തിരക്കെന്ന് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ഒ.ജി. ബിനുവും പറയുന്നുണ്ട്. ഈ സമയം വെര്‍ച്വല്‍ ക്യൂ എടുത്ത് 55,000-60,000 പേര് വന്നെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ക്കുന്നു. ഇതിനു മറുപടിയായി സീസണില്‍ 80,000 ആയി നിജപ്പെടുത്തിയത് നാട്ടുകാര്‍ അറിഞ്ഞു. അതുകൊണ്ടാണ് സീസണു മുമ്പ് പോയിട്ട് വരാമെന്ന് കരുതിയുള്ള തിരക്കെന്ന് ഒ.ജി. ബിനു പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫഌക്സ് സ്ഥാപിച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദേവസ്വം ബോര്‍ഡിന്റേതായാലും ക്ഷേത്രത്തിനകത്തല്ല ഫഌക്സ് ബോര്‍ഡ് വയ്ക്കേണ്ടതെന്നു ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന് അധ്യക്ഷനായുള്ള ഡിവിഷന് ബഞ്ച് വിമര്‍ശിച്ചിരുന്നു.
ഓരോ ഫ്ലക്സ്ബോര്ഡിനും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന മറ്റൊരു സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് കോടതി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. ഫ്ലക്സ് ബോ
ര്‍ഡുകള്‍ വയ്ക്കണമെന്ന് കാണിച്ച് ദേവസ്വംബോര്‍ഡ് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ഭക്തരുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചിരുന്നു. ദര്‍ശനത്തിന് കാത്തുനില്പ് ശരംകുത്തി വരെയെത്തി. ഇതേത്തുടര്‍ന്ന് ദര്‍ശന സമയം മൂന്നു മണിക്കൂര്‍ വര്‍ധിപ്പിക്കേണ്ടിയും വന്നു. ഇതെല്ലാമാണ് വലിയ നേട്ടമായും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ഉണ്ടാകുന്ന മഹത്വമായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യാഖ്യാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: