ന്യൂദല്‍ഹി: ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്രം. നിലവിലുള്ള പദ്ധതികള്‍ക്ക് പുറമെയാണിത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി യോഗത്തിലാണ് ഈ പ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടത്. ഓണറേറിയം ഉയര്‍ത്തല്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് ദീര്‍ഘകാല പരിശീലനം, ജനപ്രതിനിധികള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്റൂമുകളില്‍ പരിശീലനം, പുതിയ പഞ്ചായത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കല്‍ എന്നിവയ്ക്കാണ് സിഇസി അംഗീകാരം നല്‍കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗം തീരുമാനിച്ചു. രാജ്യത്തുടനീളമുള്ള താഴേത്തട്ടിലുള്ള ഭരണത്തിന്റെ ഫല പ്രാപ്തി വര്‍ധിപ്പിക്കുന്നതിനായാണിത്.
മാസ്റ്റര്‍ ട്രെയിനര്‍മാര്‍, ഗസ്റ്റ് ഫാക്കല്റ്റികള്, പ്രമുഖ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള ഓണറേറിയം നിരക്കുകളുടെ സ്റ്റാന്റേര്‍ഡൈസേഷന്‍ സിഇസി അംഗീകരിച്ചു. ഇത് ഉയര്‍ന്ന നിലവാരമുള്ള പരിശീലകരുടെ ലഭ്യത ഉറപ്പാക്കും. താഴെത്തട്ടില്‍ മികച്ച പരിശീലനം ലഭിക്കുന്നതിന് ഇത് സഹായിക്കും. പിആര്ഐകളുടെയും പഞ്ചായത്തീരാജ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്കായി ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള ദീര്‍ഘകാല പരിശീലന പരിപാടികള്‍ക്കുള്ള ധനസഹായം അനുവദിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എക്സലന്‍സില്‍ നിന്ന് ഉദ്യോഗസ്ഥക്ക് നൂതനവും മേഖലാ- നിര്‍ദിഷ്ടവുമായ പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്. സ്പേഷ്യല്‍ പ്ലാനിങ്, റിസോഴ്സ് മൊബിലൈസേഷന്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഗ്രാമീണ വികസനത്തിന് ആവശ്യമായ സമഗ്രമായ അറിവ് നല്കി ഉദ്യോഗസ്ഥരെ സജ്ജരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് മുറികളില്‍ പരിശീലനം നല്‍കും. ഇതിനായി 25 സംസ്ഥാനങ്ങളിലെ സംസ്ഥാന പഞ്ചായത്ത് റിസോഴ്സ് സെന്ററുകളിലെയും 395 ജില്ലകളിലെ ജില്ലാ പഞ്ചായത്ത് റിസോഴ്സ് സെന്ററുകളിലെയും കമ്പ്യൂട്ടര്‍ ലാബുകള്‍ നവീകരിക്കും. ഏറ്റവും പുതിയ സ്പെസിഫിക്കേഷനിലുള്ള കമ്പ്യൂട്ടറുകള്‍ ഇവിടങ്ങളിലേക്കായി വാങ്ങും.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആവശ്യമുള്ള സ്ഥലങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനും വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ക്കായി 22,164 കമ്പ്യൂട്ടറുകള്‍ അനുവദിക്കാനും തീരുമാനമായി. 3,301 ഗ്രാമപഞ്ചായത്ത് ഭവനുകള്‍ കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്സി) കോ- ലൊക്കേഷനുമായി നിര്‍മിക്കും. ഇത് അടിസ്ഥാന സൗകര്യ വിടവുകള്‍ പരിഹരിക്കുകയും ഗ്രാമീണ മേഖലകളില്‍ മികച്ച ഭരണപരമായ പ്രവര്‍ത്തനവും ഡിജിറ്റല്‍ ഭരണവും സാധ്യമാക്കും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലെയും പഞ്ചായത്ത് ഭവനുകളുടെ നിര്‍മാണത്തിനും പൊതു സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കു ന്നതിനും മന്ത്രാലയം പിന്തുണ നല്‍കുന്നത് തുടരും. 2024- 25 കാലയളവില്‍ ജമ്മു കശ്മീരില്‍, 970 ഗ്രാമപഞ്ചായത്ത് ഭവനുകളുടെ നിര്‍മാണത്തിനും 1606 പൊതുസേവന കേന്ദ്രങ്ങളുടെ കോ- ലൊക്കേഷനും മന്ത്രാലയം സഹായം നല്കി. അരുണാചല്‍ പ്രദേശില്‍ 400 പഞ്ചായത്ത് ഭവന് കം പൊതു സേവന കേന്ദ്രങ്ങളും നിര്‍മിക്കാന്‍ തീരുമാനമായി. മിസോറം, മേഘാലയ, നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ എന്നിവയുള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി 1633 ഗ്രാമപഞ്ചായത്ത് കെട്ടിടങ്ങളും 514 സിഎസ്സികളും നിര്‍മിക്കുന്നതിനും അംഗീകാരം നല്കി. ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കാനും താഴെത്തട്ടില്‍ അവശ്യ സേവനങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്നതാണ് ഈ തീരുമാനങ്ങള്‍. സിഇസി യോഗത്തില്‍ പഞ്ചായത്തിരാജ് മന്ത്രാലയം സെക്രട്ടറി വിവേക് ഭരദ്വാജ് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: