കണ്ണൂര്‍: പണവും അധികാരവും സ്വാധീനവുമുപയോഗിച്ച് ആരോടും എന്തും ചെയ്യാമെന്ന സിപിഎം ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് പി.പി. ദിവ്യയുടെ അറസ്റ്റ്. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ കണ്ണൂരില്‍ വാഴാന്‍ അനുവദിക്കില്ലെന്ന അലിഖിത നിയമത്തിന്റെ ഇരയായിരുന്നു എഡിഎം നവീന്‍ ബാബു. തനിക്ക് ക്ഷണമില്ലെന്നറിഞ്ഞിട്ടും കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ കയറിച്ചെന്ന് അഴിമതിയാരോപണവും ഭീഷണിയും മുഴക്കിയാണ് ദിവ്യ ധാര്‍ഷ്ട്യത്തോടെ ഇറങ്ങിപ്പോയത്. ഒരു പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെ മുന്‍കൂട്ടി അറിയിച്ച് അത് റിക്കാര്‍ഡ് ചെയ്ത് സംപ്രേക്ഷണം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകകൂടി ചെയ്തു. ഇതില്‍ മനംനൊന്താണ് കെ. നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആത്മഹത്യ പ്രേരണാകുറ്റത്തില്‍ പ്രതിയായ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പാര്‍ട്ടി ജില്ലാ കമ്മറ്റിയംഗമെന്ന നിലയില്‍ ദിവ്യ ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമാണ്. മരണത്തിന് ശേഷവും എഡിഎം അഴിമതിക്കാരനാണെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. അതിനായി പ്രശാന്ത് ബാബുവെന്ന സിപിഎം പ്രവര്‍ത്തകനെ കൊണ്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമുന്നയിപ്പിക്കുകയും ചെയ്തു. നവീന്‍ ബാബു ആത്മഹത്യ ചെയ്ത് പാര്‍ട്ടി പ്രതിരോധത്തിലായപ്പോള്‍ നേതൃത്വത്തിന്റെ തിരക്കഥയിലാണ് ദിവ്യയുടെ ഒളിജീവിതം മുന്നോട്ട് പോയത്. സിപിഎം നേതൃത്വത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്ന പോലീസുകാര്‍ അറസ്റ്റ് ചെയ്യാതെ നാടകത്തിന് കൂട്ട് നില്ക്കുയും ചെയ്തു. നീതി പീഠത്തിന്റെ ഭാഗത്തു നിന്നുള്ള വിധിയോടെ സിപിഎം നേതൃത്വത്തിന്റെ എല്ലാ പ്രതിരോധവും പൊളിയുകയായിരുന്നു.
ദിവ്യയുടെ ആരോപണവും തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ആത്മഹത്യയുമുണ്ടായതോടെ സിപിഎമ്മിനകത്തും എല്‍ഡിഎഫിനകത്തും രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും അത് പരസ്യ പ്രതികരണത്തിലേക്ക് മാറുകയും ചെയ്തിരുന്നു. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് റവന്യു മന്ത്രി ആര്. രാജന് പറഞ്ഞതോടെ സിപിഎം തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലായിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പരസ്യമായി നവീന്‍ ബാബുവിനെ അനുകൂലിച്ച് രംഗത്തെത്തിയതോടെ നേതൃത്വം പ്രതിരോധത്തിലായി. പാര്‍ട്ടി നവീന്‍ ബാബുവിനോടൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉള്‍പ്പടെ പരസ്യമായി പറഞ്ഞെങ്കിലും ദിവ്യയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധിവരുന്നത് വരെ പോലീസ് അറസ്റ്റ് തടയാന്‍ പാര്‍ട്ടിക്ക് സാധിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം വിവിധ സംഘടനകളുടെ ഭാഗത്തു നിന്ന് കടുത്ത പ്രതിഷേധമുണ്ടായെങ്കിലും നേതൃത്വം ദിവ്യയോടൊപ്പം നിന്നു. ദിവ്യക്കെതിരെ പാര്‍ട്ടി തലത്തിലും നടപടിവേണമെന്ന് നേതൃത്വത്തില്‍ ഒരു വിഭാഗം ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ രണ്ട് കേന്ദ്രക്കമ്മിറ്റിംഗങ്ങളുള്പ്പടെ ഒരു വിഭാഗം ദിവ്യയോടൊപ്പം നിന്നു.
ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ മറ്റ് ഗത്യന്തരമില്ലാതെയാണ് ദിവ്യയുടെ അറസ്റ്റ് നാടകം.ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും ദിവ്യക്ക് പാര്‍ട്ടി സംരക്ഷണം നല്കുന്നതില് അണികളിലും കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. അണികളില്‍ ഒരു തരത്തിലുള്ള മ്ലാനതയും നിഷ്ക്രിയത്വവും ഉയര്‍ന്ന് വന്നിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളിലും ദിവ്യയ്ക്കെതിരായ ആത്മഹത്യാ പ്രേരണാ കുറ്റം ചര്‍ച്ചയായിരുന്നു.
എം.വി. ഗോവിന്ദനുള്പ്പടെ നേതൃത്വത്തിലെ പ്രബല വിഭാഗം സംരക്ഷണ കവചമൊരുക്കിയെങ്കിലും പിടിച്ച് നില്‍ക്കാനാവാതെയാണ് ദിവ്യയുടെ കീഴടങ്ങല്‍.
ഒരേ സമയം ഇരയോടൊപ്പം നില്‍ക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയുമെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ദിവ്യയുടെ അറസ്റ്റോടെ പ്രശ്നങ്ങളവസാനിക്കില്ലെന്ന് സിപിഎം നേതൃത്വത്തിന് വ്യക്തതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: