കണ്ണൂര്‍: എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ സിപിഎം നേതാവ് പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്തത് മുതല്‍ ജയിലിലാക്കും വരെ പോലീസിന്റെ ഒളിച്ചുകളി. അവസാനം വരെയും ടിവി ക്യാമറകളില്‍ നിന്ന് ഒളിപ്പിക്കാന്‍ പോലീസ് ആസൂത്രിത നീക്കമാണ് നടത്തിയത്. പോലീസുമായുള്ള ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചു. കണ്ണൂര്‍ കണ്ണപുരത്ത് ദിവ്യയുടെ വീടിനു സമീപത്തെ സ്ഥലത്ത് നിന്നായിരുന്നു കീഴടങ്ങല്‍. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍, മാധ്യമങ്ങള്‍ക്ക് പോലീസ് നല്കിയ വിവരം ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നാണ്.
എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി അജിത്കുമാര്‍ വെളിപ്പെടുത്തിയില്ല. അറസ്റ്റ് ചെയ്ത് കണ്ണൂര്‍ ടൗണിലെ ക്രൈംബ്രാഞ്ച് സ്റ്റേഷനിലെത്തിച്ചപ്പോഴും ചോദ്യം ചെയ്യല്‍ കഴിഞ്ഞ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴും ടിവി ക്യാമറകളില്‍പ്പെടാതെ ദിവ്യയെ ഒളിപ്പിക്കാന്‍ പോലീസ് വ്യഗ്രത കാട്ടിയിരുന്നു.
ആശുപത്രിയില്‍ എത്തിച്ചത് പിന്വഴിയിലൂടെ. അറസ്റ്റ് നാടകം മുതല്‍ ജയില്‍ വരെ ദിവ്യയെ ഒളിച്ചുകടത്താന്‍ പോലീസ് നന്നേ പണിപ്പെട്ടു. ഈ ഒളിപ്പിക്കല്‍ പ്രയത്നത്തില്‍ പോലീസിനോട് കനത്ത പ്രതിഷേധമുണ്ടായി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിലും ആശുപത്രി പരിസരത്തും തളിപ്പറമ്പില്‍ ജഡ്ജിയുടെ വീടിനു മുന്നിലും യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: