Cricket

സി.കെ. നായിഡു ട്രോഫി: ഒഡീഷക്കെതിരെ നാല് വിക്കറ്റ് പ്രകടനവുമായി ഏദന്‍ ആപ്പിള്‍ ടോം

Published by

വയനാട്: സി.കെ. നായിഡു ട്രോഫിയില്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ ഒഡീഷ എട്ട് വിക്കറ്റിന് 472 റണ്‍സെന്ന നിലയില്‍. ഒഡീഷക്ക് ഇപ്പോള്‍ 153 റണ്‍സിന്റെ ലീഡുണ്ട്. കളി നിര്‍ത്തുമ്പോള്‍ സംബിത് ബാരല്‍ 106 റണ്‍സോടെയും ആയുഷ് ബാരിക് രണ്ട് റണ്‍സോടെയും ക്രീസിലുണ്ട്.

സംബിത് ബാരലിന്റെ ഓള്‍ റൗണ്ട് മികവാണ് മത്സരത്തില്‍ ഒഡീഷ്‌ക്ക് നിര്‍ണായകമായത്. സായ്ദീപ് മൊഹാപാത്രക്കും അശുതോഷ് മാണ്ഡിക്കും ഒപ്പം ചേര്‍ന്ന് സംബിത് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകളാണ് ഒഡീഷക്ക് ലീഡ് സമ്മാനിച്ചത്. നേരത്തെ കേരള ഇന്നിങ്‌സിലെ നാല് വിക്കറ്റുകളും സംബിത് വീഴ്‌ത്തിയിരുന്നു. ഒഡീഷക്ക് വേണ്ടി ഓം (92), സാവന്‍ പഹരിയ(76), സായ്ദീപ് മൊഹാപാത്ര(64), അശുതോഷ് മാണ്ഡി(51) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

നാല് വിക്കറ്റ് വീഴ്‌ത്തിയ ഏദന്‍ ആപ്പിള്‍ ടോം ആണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. ജിഷ്ണു രണ്ടും പവന്‍ രാജ് ഒരു വിക്കറ്റും വീഴ്‌ത്തി. നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 319 റണ്‍സിന് അവസാനിച്ചിരുന്നു. അഭിഷേക് നായര്‍, വരുണ്‍ നായനാര്‍, ഷോണ്‍ റോജര്‍, രോഹന്‍ നായര്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളായിരുന്നു കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക