ജെറുസലെം: ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ നേതാവായ ഹസ്സന് നസ്റുള്ള വധിക്കപ്പെട്ട ശേഷം പുതിയ നേതാവായി നെയിം കാസെമിനെ തെരഞ്ഞെടുത്തു. ഹെസ്ബുള്ള എന്ന ഭീകരസംഘടനയില്‍ ഏറ്റവും ആയുസ്സുകുറഞ്ഞ നേതാവായിരിക്കും നെയിം കാസെമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അവരുടെ സമൂഹമാധ്യമപേജില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി ഭീകരസംഘടനയായ ഹമാസ്, ഹെസ്ബുള്ള എന്നിവയുടെ നേതാക്കള്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ക്ക് നേതൃസ്ഥാനം നല്കാന് പോലും ഇവര്‍ ഭയപ്പെട്ടിരുന്നു. അത്രയ്ക്ക് കൃത്യതയോടെ ഈ നേതാക്കളെ കണ്ടെത്തി വധിക്കുക വഴി ഭീകരസംഘടനകളുടെ മനോവീര്യം കെടുത്തുക എന്ന യുദ്ധതന്ത്രമായിരുന്നു ഇസ്രയേല്‍ അവരുടെ ചാരസംഘടനയായ മൊസ്സാദ് വഴി നടത്തിയിരുന്നത്. എന്നാല്‍ സംഘടനയ്ക്ക് മനോവീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് കാണിക്കാനാണ് പുതിയൊരു നേതാവിനെ തെരഞ്ഞെടുത്തതായി ഹെസ്ബുള്ള പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ 71 വയസ്സായ നെയിം കാസെം എന്ന നേതാവ് പേരിനു മാത്രമുള്ള ഒരു നേതാവാണെന്ന് കരുതുന്നു. ഇത്രയും പ്രായമായ ഒരാള്‍ക്ക് എങ്ങിനെയാണ് സംഘടനയെ നയിക്കാന്‍ കഴിയുക എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ലെബനനിലെ തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹസ്സന് നസ്റുള്ള വധിക്കപ്പെട്ടത്. ഒരു ബലപ്പെടുത്തിയ സിമന്റ് ചുമരുകളുള്ള തുരങ്കത്തില്‍ ഒളിച്ചുകഴിയുകയായിരുന്ന ഹസ്സന് നസ്റുള്ളയെ തുരങ്കങ്ങളെ തുളച്ച് ഉള്ളില്‍ കടന്ന് സ്ഫോടനം നടത്താന്‍ ശേഷിയുള്ള ബ്ലു-109 എന്ന യുഎസ് നിര്‍മ്മിതമായ ബോംബാണ് ഇസ്രയേല്‍ ഉപയോഗിച്ചത്. ഹസ്സന് നസ്റുള്ള ഒളിച്ചിരിക്കുന്ന രഹസ്യസങ്കേതം ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദ് കൃത്യമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ആക്രമണം. ബ്ലു-109 എന്ന യുഎസ് നിര്‍മ്മിതമായ ബോംബിനൊപ്പം ജെഡിഎഎം എന്ന ലക്ഷ്യസ്ഥാനത്തേക്ക് ബോംബിനെ എത്തിക്കാനായി വഴികാട്ടുന്ന ഉപകരണം കൂടി ഘടിപ്പിച്ചതിനാല്‍ തുരങ്കത്തിനുള്ളില്‍ ചലിക്കുന്ന രൂപത്തെ തിരിച്ചറിഞ്ഞ ശേഷം ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് സ്ഫോടനം നിറച്ച പൊടിപടലങ്ങളും അന്തരീക്ഷത്തിലെ വിഷാംശവും ശ്വസിച്ചാണ് ഹസ്സന് നസ്റുള്ള കൊല്ലപ്പെട്ടത്. അധികം കേടുപാടുകള്‍ പറ്റാത്ത ശരീരം പിന്നീട് രഹസ്യസങ്കേതത്തില്‍ നിന്നും പുറത്തെടുത്തിരുന്നു. ഹസ്സന് നസ്റുള്ളയാണ് വധിക്കപ്പെട്ടതെന്ന് ലോകത്തെ മനസ്സിലാക്കിക്കൊടുക്കാനായിരുന്നു ഇങ്ങിനെയുടെ വധിക്കല്‍ രീതി ഇസ്രയേല്‍ നടപ്പാക്കിയത്. മുഖം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഈ ഭീകരവാദി വധിക്കപ്പെട്ടിട്ടില്ലെന്ന് ഹെസ്ബുള്ളയ്ക്ക് അവസരം ലഭിക്കും. അത് ഒഴിവാക്കാനാണ് ഭീകരവാദിയുടെ മുഖമോ ശരീരമോ ചിതറാത്ത രീതിയിലുള്ള വധരീതി നടപ്പാക്കിയത്. പണ്ട് അമേരിക്ക ഒസാമ ബിന്‍ ലാദനെ വധിച്ചതും മുഖം തിരിച്ചറിയാന്‍ പാകത്തില്‍ ബാക്കിവെച്ചാണ്.
ഹെസ്ബുള്ളയ്ക്ക് പുതിയ നേതാവെത്തി എന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇസ്രയേല്‍ സര്‍ക്കാരിന്റെ സമൂഹമാധ്യമപേജില്‍ ഒരു സന്ദേശം പങ്കുവെച്ചിരുന്നു. “ഹെസ്ബുള്ളയുടെ നേതാവ് എന്ന നിലയില്‍ ഒരു പക്ഷെ ഏറ്റവും കുറഞ്ഞ ആയുസ്സുള്ള നേതാവായിരിക്കും ഇദ്ദേഹം. ഹസ്സന് നസ്രുള്ള, ഹാഷിം സഫിയെദ്ദീന് എന്നീ നേതാക്കളുടെ പ്രവര്‍ത്തനരീതിയാണ് പിന്തുടരുന്നതെങ്കില് അതേ ഗതിയായിരിക്കും നെയിം കാസെമിനും ഉണ്ടാവുക. ഒരു സായുധസംഘടന എന്ന രീതി പിന്തുടരുകയാണെങ്കില് ലെബനനിലെ ഹെസ്ബുള്ള എന്ന ഭീകരസംഘടനയെ തകര്‍ക്കുക മാത്രമേ പോംവഴിയുള്ളൂ.”. ഈ സന്ദേശത്തിലൂടെ ഭീകരവാദപ്രവര്‍ത്തനമാണ് തൊഴിലായി തുടരുന്നതെങ്കില്‍ പുതിയ ഹെസ്ബുള്ള നേതാവ് നെയിം കാസെമിനെയും അതിവേഗം വധിക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. അതായത് ഇറാന്, ഇറാന് പോറ്റിവളര്‍ത്തുന്ന ഹമാസ്, ഹെസ്ബുള്ള, ഹൂതി എന്നിവയെ തകര്‍ത്തു തരിപ്പണമാക്കി അടിവേരറുക്കുക എന്നതുതന്നെയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന സൂചനയാണ് നല്‍കുന്നത്. അതല്ലാതെ സമാധാനത്തോടെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തന്നെയാണ് ഇസ്രയേലിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: