കണ്ണൂര്‍:എഡിഎമ്മിന്റെ മരണത്തെ തുടര്‍ന്ന് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി പി എം നേതാവുമായ പിപി ദിവ്യയെ വൈദ്യ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോയി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് വൈദ്യ പരിശോധന നടത്തിയത്.
പൊലീസുമായുളള മുന്‍ ധാരണ പ്രകാരം കീഴടങ്ങിയ ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്.ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് പുറത്തിറക്കിയ ദിവ്യക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ കരിങ്കൊടി കാട്ടി. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.ബുധനാഴ്ച തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്നാണ് വിവരം.
വൈദ്യ പരിശോധനയ്ക്ക് ദിവ്യയെ എത്തിക്കുന്നതും കാത്ത് മാധ്യമപ്രവര്‍ത്തകരുടെ വലിയ സംഘം ജില്ലാ ആശുപത്രിക്ക് മുന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ പൊലീസ് ഇവരെ വെട്ടിച്ച് പിന്‍വാതിലിലൂടെയാണ് ദിവ്യയെ ആശുപത്രിക്കുളളില്‍ എത്തിച്ചത്.
യാതൊരു കൂസലുമില്ലാതെ ചെറുചിരിയോടെയാണ് ദിവ്യ പൊലീസുകാര്‍ക്കൊപ്പം ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും പുറത്തിറങ്ങിയത്. വൈദ്യപരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ദിവ്യയുടെ മുന്നിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ ആയാസപ്പെട്ട് മൈക്ക് നീട്ടിയെങ്കിലും പ്രതികരിക്കാതെ പൊലീസ് ജീപ്പില്‍ കയറി.
മജിസട്രേറ്റിന്റെ വീട്ടില്‍ അല്പ സമയത്തിനകം പി പി ദിവ്യയെ എത്തിക്കും. മജിസ്ട്രേറ്റിന്റെ വീടിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സി പി എം പ്രവര്‍ത്തകരും പ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തകരും ഇവിടെ തമ്പടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: