കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുര തീപിടിച്ച് അപകടമുണ്ടായത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് സംഘത്തിന് നേതൃത്വം നല്‍കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ അറിയിച്ചു. ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി പടക്കം പൊട്ടിക്കാന്‍ തേടിയിരുന്നില്ലെന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചത്. പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തവണ മാറ്റിയതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടു പിന്നില്‍ തന്നെ പടക്കം പൊട്ടിക്കാനുളള തീരുമാനമാണ് ദുരന്തം ക്ഷണിച്ചു വരുത്തിയതെന്നാണ് പൊലീസ് നിഗമനം. ദൂരപരിധി ഉള്‍പ്പെടെ പാലിക്കാതെയാണ് പടക്കം പൊട്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത എട്ടു പേരില്‍ ഏഴു പേരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ്.ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയെയും പ്രസിഡന്റിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പടക്കം പൊട്ടിക്കാന്‍ കരാറെടുത്ത രാജേഷ് എന്നയാള്‍ക്കെതിരെയും കേസെടുത്തു.
അപകടത്തില്‍ പരിക്കേറ്റത് 154പേര്‍ക്കാണ് .പടക്കം പൊട്ടിക്കവെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കലവറയിലേക്ക് വീണ് ഉഗ്രസ്ഫോടനം ഉണ്ടാവുകയായിരുന്നു. പരിക്കേറ്റ് വിവിധ ആശുപത്രികളിലുള്ള 15 പേരുടെ പരിക്ക് സാരമുളളതാണ്. അഞ്ച്് പേരുടെ നില അതീവ ഗുരുതരവസ്ഥയില്‍ വെന്റിലേറ്ററിലാണ്.അതിനിടെ അപകടത്തില്‍ പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍
മംഗളൂരു എജെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 21 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ഗുരുതരാവസ്ഥയിലുളള എട്ട് പേരെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. എട്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
കോഴിക്കോട് മിംസില്‍ ആറു പേരാണ് ചികിത്സയിലുളളത്. ഷിബിന്‍ രാജ് , ബിജു, വിഷ്ണു, രതീഷ് എന്നിവര്‍ വെന്റിലേറ്ററിലാണ്. കണ്ണൂര്‍ മിംസില്‍ 25 പേര് ചികിത്സയിലുണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേര് ചികിത്സയിലുളളതില് ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ 24 പേര് ചികിത്സയിലുളളതില് ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് ബേബി മെമ്മോറിയലില്‍ ചികിത്സയിലുളള രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: